കോഴിക്കോട്: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നതായി ദുരന്തനിവാരണ സെൽ അറിയിച്ചു. 24 മണിക്കൂറിനിടെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആളപായമില്ല. കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കും വടകര താലൂക്കിൽ അഞ്ച് വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് മഴയിൽ കേടുപാട് സംഭവിച്ചത്.
നല്ലളം വെള്ളത്തുംപാടത്ത് മുഹമ്മദ് യൂസഫിന്റെ മകൻ ഫൈസലിന്റെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂരിൽ കനത്തമഴയിലും കാറ്റിലും മരം കടപുഴകി എടക്കയിൽപീടികയിലുള്ള പറമ്പിൽ രാജന്റെ വീട് ഭാഗികമായി തകർന്നു.
പോർച്ചിൽ നിർത്തിയിട്ട കാറിന് കേടുപാട് സംഭവിച്ചു. അപകടത്തിൽ വീടിന്റെ സൺഷേഡും ഒരുഭാഗത്തെ പില്ലറുകളും തകർന്നു. ചങ്ങരോത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിലെ പനംകുറ്റിക്കര സുഭാഷിന്റെ നിർമാണത്തിലിരുന്ന വീട് തകർന്നുവീണു. കീഴരിയൂർ വില്ലേജിലെ കോണിൽ മീത്തൽ കൃഷ്ണന്റെ വീട് ഭാഗികമായി തകർന്നു. കോട്ടൂർ വില്ലേജിലെ മുരളീധരന്റെ വീടിന് സമീപത്തെ കരിങ്കൽഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നരിപ്പറ്റ വില്ലേജിലെ മാതു കോളിയാട്ടുപൊയിൽ, ബിനീഷ് എന്നിവരുടെ വീടുകൾക്കും നാശം സംഭവിച്ചു.
വടകര: കനത്തമഴയിൽ താഴ്ന്നഭാഗങ്ങളിൽ വെള്ളക്കെട്ട്. ജനജീവിതം ദുരിതമായി. തീരദേശ മേഖലയിൽ കടൽക്ഷോഭം രൂക്ഷമായി. മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ഗ്രാമീണ റോഡുകളിൽ വെള്ളം നിറഞ്ഞ് യാത്ര ദുരിതമായി. നാരായണ നഗരം, മേപ്പയിൽ ഓവുപാലം, കോക്കഞ്ഞാത്ത് പുതുപ്പണം ഭാഗം, നാദാപുരം റോഡ് കള്ളുഷാപ്പ് റെയിൽവേ കട്ടിങ്ങ് റോഡ്, എൻ.സി കനാൽ ഭാഗം തുടങ്ങി നിരവധി ഭാഗങ്ങളിൽ വെള്ളം കയറി. കടൽക്ഷോഭം രൂക്ഷമായതിനാൽ മുകച്ചേരി ആവിക്കൽ റോഡ് തകർന്നു. ടൗട്ടേയുടെ വരവിൽ നേരത്തെ ഈ റോഡിന്റെ ഒരുഭാഗം തകർന്നിരുന്നു.
കടൽ പ്രക്ഷുബ്ധമായതിനാൽ തീരദേശവാസികൾ ആശങ്കയിലാണ്. മൂരാട് പാലത്തിനടുത്ത് മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്. പാലം പണിയുടെ പൈലിങ് മണ്ണിടിച്ചിലിന് കാരണമായതായി ആക്ഷേപമുണ്ട്.
ഗസൽ വീട്ടിൽ പി.കെ. അഹമ്മദ്, മിഷ്യൻപറമ്പത്ത് നിയാസ്, പള്ളിപ്പറമ്പത്ത് ലക്ഷ്മി, മിഷ്യൻപറമ്പത്ത് മജീദ് എന്നിവരുടെ വീടിനാണ് മണ്ണിടിച്ചിൽ ഭീഷണിയായത്. നടക്കുതാഴ വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.