പത്തനംതിട്ട: ആനത്തോട്-കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനെ തുടർന്ന് പമ്പ ത്രിവേണിയിൽ സ്ഥിതി അതിഗുരുതരം. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പമ്പയില്‍ പൊലീസ് ബാരിേക്കഡ് സ്ഥാപിച്ചും വടംകെട്ടിയും തീർഥാടകർ കടന്നുപോകുന്നത് തടഞ്ഞു. മുന്നറിയിപ്പ് അവഗണിച്ച് എത്തുന്നവരെ തിരിച്ചയക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനും നിറപുത്തരി പൂജകൾക്കുമായി അയ്യപ്പഭക്തര്‍ എത്തുന്നത് തല്ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു.
മുന്‍കരുതല്‍ നടപടിയായും ദുരന്തങ്ങള്‍ ഒഴിവാക്കാനുമായാണ് അയ്യപ്പഭക്തരോട് ജലനിരപ്പ് താഴുന്നതുവരെ യാത്ര ഒഴിവാക്കാൻ അഭ്യർഥിക്കുന്നതെന്ന് പ്രസിഡൻറ് എ. പദ്മകുമാര്‍ പറഞ്ഞു. ശബരിമലയിലേക്ക് പോകുന്നതിന് പമ്പനദിക്ക് കുറുകെയുള്ള രണ്ട് പാലത്തിലും വെള്ളം കയറിയിരിക്കുകയാണ്. ഇവിടത്തെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. സന്നിധാനം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജില്ല ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പമ്പ മണപ്പുറത്ത് 50 മീറ്ററോളം വിസ്തൃതിയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. പല സ്ഥലത്തും വന്‍കുഴികള്‍ രൂപപ്പെട്ടിട്ടു. ജലം ഇറങ്ങിയാല്‍ മാത്രമേ കുഴികള്‍ കണ്ടെത്താന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ തീര്‍ഥാടകരെ കടത്തിവിടുന്നത് അത്യന്തം അപകടകരമായതിനാല്‍ സ്ഥിതിഗതികൾ വിലയിരുത്താൻ ജലവിഭവമന്ത്രി മാത്യു ടി. തോമസും കലക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിങ്കളാഴ്ച വൈകീട്ട് പമ്പയിലെത്തി.
നിറപുത്തരി ആഘോഷങ്ങൾക്കായി ചൊവ്വാഴ്ച വൈകീട്ടാണ് ശബരിമല നടതുറക്കുക. ഒേട്ടറെ തീർഥാടകർ ഇതിനകം പമ്പയിൽ എത്തിയിട്ടുണ്ട്. സന്നിധാനത്തേക്ക് പോകാനാകാതെ ഇവർ പമ്പയിൽ തങ്ങുകയാണ്. രണ്ടു ദിവസം മുമ്പ് വെള്ളം കുറഞ്ഞപ്പോൾ സന്നിധാനത്തേക്ക് പോയ തീർഥാടകരും തൊഴിലാളികളും മടങ്ങിവരാനാകാതെ പമ്പ ഗണപതി ക്ഷേത്രത്തിൽ തമ്പടിച്ചിരിക്കയാണ്. വാട്ടര്‍അതോറിറ്റിയുടെ പമ്പുകള്‍ വെള്ളത്തിനടിയിലായതുമൂലം പമ്പ മണപ്പുറത്ത് പമ്പിങ് പൂര്‍ണമായി തടസ്സപ്പെട്ടു. ട്രാന്‍സ്ഫോര്‍മറുകളും വെള്ളത്തില്‍ മുങ്ങിയതിനാൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല.
പമ്പയില്‍ ശുദ്ധജലത്തിെൻറ ക്ഷാമം അനുഭവപ്പെടുന്നത് വരുംദിവസങ്ങളിൽ തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ടാങ്കറുകളില്‍ വെള്ളം എത്തിച്ചേ താൽക്കാലിക പരിഹാരം കാണാനും കഴിയൂ. പെരുനാട് പഞ്ചായത്ത് ആഭിമുഖ്യത്തില്‍ രണ്ട് ലോറിയിലായി ജലം എത്തിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. പമ്പയുടെ മറുകരയില്‍ രണ്ട് വാട്ടര്‍ ടാങ്കിലായി കുറച്ചുദിവസത്തേക്കുള്ള ശുദ്ധജലം സ്റ്റോക്കുണ്ട്. പ്ലാപ്പള്ളിയില്‍ റോഡിെൻറ ഒരു വശം ഇടിഞ്ഞത് നന്നാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി പമ്പയിലെത്തി
ശബരിമല: പമ്പ-ത്രിവേണിയിലെ വെള്ളപ്പൊക്ക സാഹചര്യം മന്ത്രി മാത്യു ടി. തോമസും കലക്ടര്‍ പി.ബി. നൂഹും നേരിട്ട് വിലയിരുത്തി. ശബരിമല നട നിറപുത്തരിക്കായി തുറക്കുന്ന സാഹചര്യത്തില്‍ ഡാമിെൻറ ഷട്ടറുകള്‍ അടച്ച് തീര്‍ഥാടനം സുഗമമാക്കുന്നത് പരിഗണിക്കുന്നതിനാണ് മന്ത്രിയും കലക്ടറും എത്തിയത്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഷട്ടറുകള്‍ അടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്ന് ഡാം സുരക്ഷ അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ ശബരിമല യാത്ര തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. പമ്പയിലെ പാലത്തിെൻറ മുകളിലൂടെ ജലം ഒഴുകിയിരുന്നതിനാല്‍ പാലത്തിനു ഗുരുതരമായ ബലക്ഷയം സംഭവിച്ചിട്ടുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.
ജലം ഇറങ്ങിയാല്‍ മാത്രമേ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയൂ. ഈ സമയത്ത് തീര്‍ഥാടകരെ പാലത്തിലൂടെ കടത്തിവിടുന്നത് സുരക്ഷിതമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിെൻറയും ദേവസ്വം ബോര്‍ഡിെൻറയും അഭ്യര്‍ഥനമാനിച്ച് തീര്‍ഥാടകര്‍ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എ.ഡി.എം പി.ടി. എബ്രഹാം, റാന്നി തഹസില്‍ദാര്‍ കെ.വി. രാധാകൃഷ്ണന് നായര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.