താമരശ്ശേരി ചുരത്തിൽ ശക്തമായ മഴയും മണ്ണിടിച്ചിലും, ഗതാഗതം പൂർണമായി നിരോധിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ശക്തമായ മഴയും തുടരുകയാണ്.കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ. ചുരത്തിലൂടെ ഒഴുകുന്ന ചാലുകളിൽ പലയിടത്തും നിറവ്യത്യാസം ഉണ്ട്. മേഖലയിലെ ദ്രവിച്ച പാറകളാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് ജിയോളജി ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. അതിനിടെ, കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുണ്ട്.

വടനാട് അതിർത്തിയായ ലക്കിടിയിലാണ് മണ്ണിടിച്ചിലുണ്ടായത്. മേഖലയിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദ്രവിച്ച വലിയ പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയൊലിക്കുന്നത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ നിന്നാണ് ഇത്തരത്തിൽ പാറയും മണ്ണും ഒലിച്ചിറങ്ങുന്നത്. റോഡിലൂടെ ഒലിച്ചിറങ്ങിയ മണ്ണ് ഫയർ ഫോഴ്സ് വെളളം ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.

ചുരം വഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. ആംബുലൻസ് മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ചുരം വഴി വാഹനങ്ങൾ കടത്തിവിടില്ലെനാണ് താമരശ്ശേരി ഡി.വൈ.എസ്.പി സുഷീർ അറിയിച്ചത്. അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴി യാത്രക്ക് മുന്‍ഗണന നല്‍കണമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 (ബി) 34 (സി) 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങിയ അടിയന്തര സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.

26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ ഇന്നലെ രാത്രി എട്ടേമുക്കാലോടെ ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാൽ, മണ്ണിടിച്ചിൽ തുടർന്നതോടെ ഇന്ന് രാവിലെ വീണ്ടും തടയുകയായിരുന്നു. സുരക്ഷ പരിശോധന നടത്തി റോഡ് പൂർ​ണതോതിൽ ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൊവ്വാഴ്ച വൈകീട്ടാണ് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം റോഡിലേക്ക് മണ്ണും പാറകളും വീണത്. തുടർന്ന് നിരവധി വാഹ്നങ്ങൾ വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടന്നു. ഈ വാഹനങ്ങളെയെല്ലാം ഇന്നലെ രാത്രി കടന്നുപോകാൻ അനുവദിച്ചു. ഇവ കടത്തിവിട്ടശേഷം സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ചുരം വീണ്ടും അടച്ചു.

Tags:    
News Summary - Heavy rain and landslides at Thamarassery Pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.