കൊട്ടാരക്കര: ആരോഗ്യ മന്ത്രി വീണ ജോർജിന് ദേഹാസ്വാസ്ഥ്യം. മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻതന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി. അരമണിക്കൂറിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് മന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് വിവരം. അതേസമയം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ജില്ല കലക്ടർ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വന്നെന്ന ആക്ഷേപം ശരിയല്ല. രക്ഷാപ്രവർത്തനം ഒട്ടും വൈകിയിട്ടില്ല.
തകർന്നുവീണത് കാലപ്പഴക്കം ചെന്ന കെട്ടിടമാണ്. സർജിക്കൽ ബ്ലോക്കിന് സമീപത്തെ ബാത്ത്റൂം ബ്ലോക്കാണ് അപകടത്തിനിടയാക്കിയത്. അപകടം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. താനും മന്ത്രി വി.എൻ. വാസവനും സ്ഥലത്തെത്തിയിരുന്നു. അപ്പോൾ രണ്ടുപേർക്ക് പരിക്കുണ്ടെന്നേ അറിയാൻ കഴിഞ്ഞുള്ളൂ. അതിനിടയിൽ പരിക്കേറ്റ കുട്ടിയുടെ അമ്മയെ കാണാനില്ലെന്നറിഞ്ഞു. പിന്നീട് അവരും കുട്ടിക്കടുത്തെത്തി. എന്നാലും കെട്ടിടത്തിനടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാൻ പരിശോധന നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.
ഇവിടേക്ക് ജെ.സി.ബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കാൻ പ്രയാസമായിരുന്നു. എങ്കിലും എത്രയുംവേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. 2013ൽ ഈ കെട്ടിടത്തിന്‍റെ ബലക്ഷയംകാട്ടി പൊതുമരാമത്ത് എക്സി. എൻജിനീയർ റിപ്പോർട്ട് നൽകിയതാണ്. എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്താണ് പുതിയ കെട്ടിടം പണിയാൻ തുടങ്ങിയത്. കെട്ടിടത്തിന്‍റെ പണി 99 ശതമാനവും തീർന്നെന്ന് മന്ത്രി വി.എൻ. വാസവനും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.