സസ്പെൻഷൻ നടപടി പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി; സമരം തുടരാൻ തീരുമാനിച്ച് സംഘടനകൾ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്പെൻഷൻ നടപടി പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഡോക്ടർമാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡോക്ടർമാരും നഴ്സുമാരും പ്രഖ്യാപിച്ച സമരം തുടരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിച്ചാണ് സമരം ചെയ്യുന്നത്.

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്ക് എതിരെ എടുത്ത സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നായിരുന്നു കെ.ജി.എം.സി.ടി.എയും നഴ്സുമാരുടെ സംഘടനകളും ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് സർക്കാർ ചർച്ചക്ക് വിളിച്ചത്. രാത്രി സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചർച്ച നടത്തി. ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമെതിരായ സന്‍പെൻഷൻ പിൻവലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കെ.ജി.എം.സി.ടി.എ തിരുവനന്തപുരം ജില്ലാ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ രാവിലെ റിലേ സത്യാഗ്രഹം തുടങ്ങും. 48 മണിക്കൂറിനുള്ളില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കോവിഡ് ചികിത്സ അവസാനിപ്പിക്കുമെന്നും കെ.ജി.എം.സി.ടി.എ അറിയിച്ചിട്ടുണ്ട്. നഴ്സുമാരുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയിൽ കരിദിനമാചരിക്കും. ആരോഗ്യപ്രവര്‍ത്തകരെ തളര്‍ത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.ജി.എം.ഒ.എയും ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധങ്ങള്‍ക്ക് കെ.ജി.എം.ഒ.എ പിന്തുണയും പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.