നജീബ് കാന്തപുരത്തിന് അയോഗ്യതയില്ല; തെരഞ്ഞെടുപ്പ് ഹരജി ഹൈകോടതി തള്ളി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിൽനിന്ന് മുസ്ലീംലീഗ് സ്ഥാനാർഥിയായി വിജയിച്ച നജീബ് കാന്തപുരത്തിനെതിരെ തൊട്ടടുത്ത എതിർ സ്ഥാനാർഥിയായിരുന്ന സി.പി.എം സ്വതന്ത്രൻ കെ.പി. മുഹമ്മദ് മുസ്‌തഫ നൽകിയ തെരഞ്ഞെടുപ്പ് ഹരജി ഹൈകോടതി തള്ളി. മണ്ഡലത്തിലെ 340 തപാൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300 ഓളം വോട്ടുകൾ തനിക്കു ലഭിക്കേണ്ടതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി മുഹമ്മദ് മുസ്തഫ നൽകിയ ഹരജിയാണ് ജസ്റ്റിസ് സി.എസ്. സുധ തള്ളിയത്.

38 വോട്ടിനായിരുന്നു നജീബ് കാന്തപുരത്തിന്‍റെ വിജയം. ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച ഉത്തരവുകളുടെയോ നിയമങ്ങളുടെയോ ലംഘനം ഇവിടെ ഉണ്ടായിട്ടില്ലെന്നും വോട്ടെണ്ണലിൽ അപാകതയുണ്ടായെന്ന് തെളിയിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് ബാധിതർ, പ്രായാധിക്യമുള്ളവർ തുടങ്ങി ഉദ്യോഗസ്ഥർ വീടുകളിലെത്തി രേഖപ്പെടുത്തിയ വോട്ടുകളാണ് അസാധുവായി കണ്ടെത്തി മാറ്റിയത്.

ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലും ഒപ്പും ഇല്ലെന്നതടക്കം കാരണങ്ങളാലാണ് ഇവ അസാധുവാക്കിയത്. ഈ വോട്ടുകൾ സാധുവായി പരിഗണിക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. പോളിങ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് നജീബ് കാന്തപുരത്തിന്‍റെ അഭിഭാഷകർ വാദിച്ചു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് മാത്രമല്ല, വോട്ടർമാർക്കും ബാധ്യതയുണ്ടെന്ന നജീബിന്‍റെ വാദം കോടതി അംഗീകരിച്ചു. വോട്ടർമാരും പിഴവ് ശ്രദ്ധിക്കേണ്ടതായിരുന്നു.

കൗണ്ടിങ് സമയത്ത് അസാധു വോട്ടുകൾ ഹരജിക്കാരന്‍റെ ഏജന്‍റുമാരും ശരിവെച്ചിരുന്നു. ചെറിയ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർഥി വിജയിച്ചപ്പോഴാണ് അസാധു വോട്ടുകൾ സാധുവാണെന്ന വാദമുന്നയിച്ച് ഹരജിക്കാരനടക്കം രംഗത്തെത്തിയതെന്ന വാദവും കോടതി പരിഗണിച്ചു. നിയമപരമായി അസാധുവെന്ന് കണക്കാക്കി മാറ്റിവെച്ച വോട്ടുകൾ അസാധുവായി തന്നെ കണക്കാക്കണമെന്ന സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവ് കോടതി ഉദ്ധരിച്ചു.

കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയന്റ് രജിസ്ട്രാറുടെ ഓഫിസിൽ നിന്ന് കണ്ടെത്തിയിരുന്നു. 

Tags:    
News Summary - he High Court dismissed the election case against Najeeb Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.