പരിഭ്രാന്തി വേണ്ട, കാസർകോട് ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ചുവെന്ന് റവന്യൂ മന്ത്രി

കാസര്‍കോട്: ജില്ലയില്‍ നിലവില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ദൗർലഭ്യം ഓക്‌സിജന്‍ ബെഡ്, വെന്റിലേറ്റര്‍ അപര്യാപ്തത എന്നിവ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായും പരിഭ്രാന്തി വേണ്ടെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹം.

ഓക്‌സിജന്‍ പ്രതിസന്ധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് വന്ന സമയത്ത് ജില്ലാ കളക്ടര്‍, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായെല്ലാം ആശയവിനിമയം നടത്തിയതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്ന് കാസര്‍കോടേക്ക് ഓക്‌സിജന്‍ എത്തിക്കുവാന്‍ സാധിച്ചു.

16000ത്തിൽ അധികം കോവിഡ് ബാധിതരാണ് ജില്ലയിലുള്ളത്. അതില്‍ 95 ശതമാനം ആളുകളും വീടുകളില്‍ കഴിയുകയാണ്. 682 പേര്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. അതില്‍ തന്നെ ഓക്‌സിജന്‍ ആവശ്യമുള്ളവരുടെ എണ്ണം കുറവാണ്. ജില്ലയിൽ പ്രതിദിനം 360 ഓക്സിജൻ സിലണ്ടറുകൾ ആവശ്യമുണ്ട് . അതിനായി അഹമ്മദാബാദില്‍ സിലിണ്ടറിന് ഓര്‍ഡര്‍ കൊടുത്തെങ്കിലും ലഭിക്കാന്‍ 4 ആഴ്ച സമയമെടുക്കും. ഈ പ്രശ്‌നം നേരിടാനായാണ് ജില്ലാകളക്ടര്‍ ഓക്‌സിജന്‍ ചാലഞ്ച് നടത്തിയത്.

ജില്ലാ കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ഓക്‌സിജന്‍ ചാലഞ്ചിലൂടെ 150 ഓക്‌സിജന്‍ സിലിണ്ടറുകള്‍ കഴിഞ്ഞ ദിവസം ലഭിച്ചു. വീണ്ടും 150 സിലിണ്ടറുകള്‍ കൂടി ലഭിച്ചാല്‍ ജില്ലയ്ക്ക് അത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വാങ്ങുന്ന സിലിണ്ടറുകള്‍ സര്‍ക്കാര്‍ വാങ്ങുന്ന സിലിണ്ടറുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ 147 ഓക്സിജൻ ബെഡുകൾ ആണുള്ളത്. ഇത് 1016 ആക്കാനായി ശ്രമിക്കുകയാണ്. 13 ലക്ഷത്തില്‍ അധികം ജനസംഖ്യയാണ് നമ്മുടെ ജില്ലയിലുള്ളത്. നിലവില്‍ ഇതില്‍ 3.3 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 54 വെന്റിലേറ്ററുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഏഴ് വെന്റിലേറ്ററുകളില്‍ മാത്രമാണ് നിലവില്‍ രോഗികള്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ ആദ്യ വാരത്തോടെ ഉണ്ടായേക്കാവുന്ന കോവിഡ് രോഗികളുടെ കണക്കിലേക്ക് മെയ് ആദ്യവാരത്തില്‍ തന്നെ കണക്കുകള്‍ ഉയര്‍ന്നപ്പോഴാണ് ലോക് ഡൗണ്‍ ആവശ്യമായതെന്നും ലോക്ഡൗണിനെ തുടര്‍ന്ന് ഈ കണക്ക് വലിയ തോതില്‍ കുറയുന്നത് ആശ്വാസമാണെന്നും കഴിഞ്ഞ പ്രാവശ്യത്തേതിനേക്കാള്‍ ജനങ്ങള്‍ ഇത്തവണ സര്‍ക്കാറിനോട് സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് വര്‍ധിക്കാനുള്ള സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

പൊതുജനങ്ങളെ പരിഭ്രാന്തിപ്പെടുത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നതരം വാര്‍ത്തകള്‍ ഈ സമയത്ത് നല്‍കരുതെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ റവന്യൂ മന്ത്രിയോടൊപ്പം ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാബു പങ്കെടുത്തു.

Tags:    
News Summary - Has taken steps to address the oxygen shortage, said the Revenue Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.