കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിലങ്ങാട് ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറിന് അവസാനിക്കും.
ദുരിതബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ അര്‍ഹരെ ഉള്‍പ്പെടുത്തിയില്ല അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിച്ചത്.
ശക്തമായ മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്ന പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിൽ വില്ലേജ് ഓഫിസ് ഉപരോധിച്ചിരുന്നു. ഉപരോധം പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്.
വില്ലേജ് ഓഫിസ് കെട്ടിടത്തിന്‍റെ ഗ്രിൽ ഇളക്കി അകത്ത് കടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു. ബുധനാഴ്ച രാവിലെയാണ് ദുരിത ബാധിതർ വിലങ്ങാട് വില്ലേജ് ഓഫിസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉച്ചയോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയത്.
ശക്തമായ മഴയെ തുടർന്ന് സ്ത്രീകളും കുട്ടികളും അടക്കം അമ്പതോളം പേർ വിലങ്ങാട് സെന്‍റ് ജോർജ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.
2024 ജൂലൈ 31നാണ് കോഴിക്കോട്ടെ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. ദുരന്തത്തിൽ മുച്ചങ്കയം, കുറ്റല്ലൂർ, പന്നിയേരി, പറമ്പടിമല ഭാഗങ്ങളിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. 35 വീടുകൾ പൂർണമായും 60 വീടുകൾ ഭാഗികമായും തകർന്നു. 300 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഹെക്ടർ കണക്കിന് കൃഷിനാശവും പൊതുമരാമത്ത് റോഡും ഗ്രാമീണ റോഡുകളുമാണ് തകർന്നത്.
മനുഷ്യ നാശനഷ്ടം ഒഴിച്ചു നിർത്തിയാൽ കാർഷിക ഭൂമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച മേഖലയാണിത്. 485 വീടുകളിൽ നടത്തിയ പരിശോധനയിൽ 313 വീടുകൾ വാസയോഗ്യമല്ലാതായി. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ 14 വീടുകളിലെയുൾപ്പെടെ 44 കുടുംബങ്ങളെയാണ് അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.