തുവ്വൂർ: പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നാലാമത് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഡിസംബറിൽ തുടങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള ഷോ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് സംപ്രേഷണം.
പാഠ്യ, പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ഐ.സി.ടി അധിഷ്ഠിത പഠനം, നൂതനാശയ പ്രവർത്തനങ്ങൾ, തനത് പദ്ധതികൾ എന്നിവയാണ് റിയാലിറ്റി ഷോയിൽ മാറ്റുരക്കപ്പെടുക.
വിശദമായ അപേക്ഷയോടൊപ്പം മാതൃകപദ്ധതികൾ വിശദീകരിക്കുന്ന സ്ലൈഡുകളും ചെറു വീഡിയോയും സമർപ്പിക്കണം. ഇവ പരിശോധിച്ച ശേഷമാണ് പ്രാഥമിക റൗണ്ടിലേക്കുള്ള സ്കൂളുകളെ കണ്ടെത്തുക. പ്രാഥമിക റൗണ്ടിലേക്ക് 100 വിദ്യാലയങ്ങളെ തെരഞ്ഞെടുക്കും.കൈറ്റ് നിയോഗിക്കുന്ന സംഘം സ്കൂളുകൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. ഇവ ചാനൽ വഴി പങ്കുവെക്കും. ഈ സ്കൂളുകൾക്ക് 20,000 രൂപ ലഭിക്കും.
അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന പത്ത് സ്കൂളുകൾക്ക് ഫെബ്രുവരിയിൽ നടക്കുന്ന കൈറ്റ് വിക്ടേഴ്സ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. 2010,2017,2022 വർഷങ്ങളിൽ നടന്ന റിയാലിറ്റി ഷോകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്കാണ് കാരണമായത്.
2022 ലെ ഷോയിൽ വയനാട് ഓടപ്പള്ളം ഗവ. ഹൈസ്കൂളും മലപ്പുറം പുറത്തൂർ ജി.യു.പി സ്കൂളുമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. 20 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം, മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം, അവസാന റൗണ്ടിലെത്തുന്ന മറ്റ് സ്കൂളുകൾക്ക് രണ്ട് ലക്ഷം വീതം എന്നിങ്ങനെ ലഭിച്ചു.
ഇത്തവണ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങളാണ്. മലപ്പുറം ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നുള്ള 139 സ്കൂളുകൾ ഇത്തവണ അപേക്ഷ നൽകിയിട്ടുണ്ട്. കൂടുതലും വേങ്ങര, പരപ്പനങ്ങാടി, മേലാറ്റൂർ ഉപജില്ലകളിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.