ഹരിദാസ് വധക്കേസ് പ്രതിയെ തേടിയിറങ്ങിയ പൊലീസ് ജീപ്പിന് നേരെ ബോംബേറ്

തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അന്വേഷിച്ച്‌ തിരിച്ച ന്യൂമാഹി പൊലീസ്‌ ജീപ്പിന്‌ നേരെ ബോംബേറ്‌. പള്ളൂർ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലെ ചാലക്കര മൈദ കമ്പനിക്ക്‌ സമീപം ബുധനാഴ്‌ച അർധരാത്രി 11.30നാണ്‌ സംഭവം.

കേസിൽ പിടിയിലാവാനുള്ള ചാലക്കര വരപ്രത്ത്‌ കാവിനടുത്ത മീത്തലെ കേളോത്ത്‌ വീട്ടിൽ ദീപക്‌ എന്ന ഡ്രാഗൺ ദീപുവിന്റെ (30) വീട്ടിൽ പരിശോധന നടത്തി മടങ്ങുകയായിരുന്നു പൊലീസ്‌. മൈദ കമ്പനിക്ക്‌ സമീപമെത്തിയപ്പോൾ ജീപ്പിന്‌ പിറകിലാണ്‌ ബോംബെറിഞ്ഞത്‌. ന്യൂമാഹി എസ്‌.ഐ ടി.എം. വിപിനും സംഘവുമാണ്‌ ജീപ്പിലുണ്ടായത്‌. ആർക്കും പരിക്കില്ല.

സ്‌ഫോടനത്തിനു ശേഷം സ്ഥലത്ത്‌ പൊലീസ്‌ പരിശോധന നടത്തി. കേസിലെ മൂന്നാംപ്രതിയാണ്‌ ദീപക്‌. തൃശൂർ ജില്ലയിൽ നിന്ന്‌ 98 ലക്ഷം രൂപ തട്ടിപ്പറിച്ച കേസിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ്‌ കൊലപാതക കേസിൽ പ്രതിയായത്.

നാലാംപ്രതി ന്യൂമാഹി ഈയ്യത്തുങ്കാട്‌ പുത്തൻപുരയിൽ 'പുണർത'ത്തിൽ നിഖിൽ എൻ. നമ്പ്യാരും (27) ഒളിവിലാണ്‌. കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസൻ പുന്നോൽ താഴെവയലിലെ വീട്ടുപറമ്പിൽ വെച്ച് വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിൽ നിർണായക പങ്കുവഹിച്ചവരാണ്‌ പിടികിട്ടാനുള്ള മൂന്നും നാലും പ്രതികൾ.

ന്യൂമാഹി ഈയ്യത്തുങ്കാടിലെ നിഖിൽ എൻ. നമ്പ്യാർ കൊടുവാളും ദീപക്‌ നീളമുള്ള കത്തികൊണ്ടും ഹരിദാസന്റെ കാലിന് വെട്ടിയതായി കോടതിയിൽ കുറ്റപത്രത്തിലുണ്ട്‌. ആർ.എസ്‌.എസ്‌ -ബി.ജെ.പി സംഘമാണ് കേസിൽ അറസ്റ്റിലായവർ. ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ കെ. ലിജേഷ്‌ ഒന്നാംപ്രതിയായ കേസിൽ ഒരു സ്‌ത്രീയടക്കം 17 പ്രതികളുണ്ട്‌. 15 പേരെ അറസ്‌റ്റ്‌ ചെയ്‌തു. ഒരാളൊഴികെ മറ്റു പ്രതികളെല്ലാം റിമാൻഡിലാണ്‌.

Tags:    
News Summary - Haridas murder case, Bomber strikes against police jeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.