തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. ചൂട് വർധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ജീവാപായത്തിനും കാരണമാക്കാം.
. പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് വെയിലേൽക്കുന്നത് ഒഴിവാക്കുക. കൊവിഡ് കാലത്തെപ്പോലെ ഇതൊരു 'സെൽഫ് ലോക്ക്ഡൗൺ' സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കണം.
. വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
. വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
. പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും പുറത്തിറങ്ങുന്നത് ഒഴിവാക്കുക.
. പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടിത്ത സാധ്യതകൾക്കെതിരെ കരുതൽ വേണം.
. മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് മേയാൻ വിടരുത്. ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.
. സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പൊലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
. തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം. ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.
. പ്രതിസന്ധികളെ ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ കടുത്ത വേനലിനെയും മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.