സി. കൃഷ്ണകുമാർ
ഉപാധ്യക്ഷനെതിരായ പീഡന പരാതി: സമര പാതയിൽ നടുങ്ങി ബി.ജെ.പി
തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ പാർട്ടി ഉപാധ്യക്ഷനെതിരെ ഉയർന്ന സമാന പരാതിയിൽ നടുങ്ങി ബി.ജെ.പി. രാഹുലിന്റെ രാജിക്കായി പാലക്കാട്ട് സമരത്തിന് നേതൃത്വം നൽകിയ സംസ്ഥാന കോർ കമ്മിറ്റി അംഗം കൂടിയായ സി. കൃഷ്ണകുമാർ പരാതിയോടെ കരിനിഴലിലാണ്.
സമര നേതാവുതന്നെ ആരോപണ മുനയിലായത് പ്രവർത്തകരെയും നിരാശയിലാക്കി. രാഹുൽ രാജിവെക്കുന്നതോടെ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പുണ്ടാക്കി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ കൃഷ്ണകുമാറിനെ രംഗത്തിറക്കി ജയിപ്പിക്കുകയാണ് പാർട്ടി ലക്ഷ്യമിട്ടിരുന്നത്.
വോട്ട് ഷെയറും കോൺഗ്രസിനുള്ള മാനഹാനിയും പരിഗണിക്കുമ്പോൾ ജയവും ഉറപ്പിച്ചിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പ് സാധ്യത മുന്നിൽ കണ്ട കോൺഗ്രസ് രാഹുലിനെ രാജിവെപ്പിക്കാതെ പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കി പ്രശ്ന ‘പരിഹാരമുണ്ടാക്കി’യതോടെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ‘രാഹുൽ വിരുദ്ധ’ പോരാട്ടമാണ് പാർട്ടി നടത്തിയത്. അതാകെയിപ്പോൾ തകിടം മറിഞ്ഞു. സമരത്തിന്റെ നേതൃനിരയിൽ കൃഷ്ണകുമാർ നിലകൊള്ളുന്നതിലെ ധാർമികത പീഡന പരാതിയിൽ സ്ത്രീ ചോദ്യം ചെയ്തിട്ടുമുണ്ട്. നിലവിൽ കോൺഗ്രസിന് സമാനമായ മാനഹാനിയിലേക്കാണ് ബി.ജെ.പിയും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.