‘തീവ്രവാദത്തെ അനുകൂലിച്ചതായി തെളിഞ്ഞാല്‍ നിങ്ങള്‍ എന്നെ ജയിലിലടച്ചോളൂ’

കല്‍പറ്റ: ‘നീ സുഖകരമായി നിന്‍െറ കുടുംബത്തില്‍ പോയി താമസിക്ക്’ -മുംബൈ പ്രത്യേക കോടതിയില്‍നിന്ന് ജഡ്ജി വി.വി. പാട്ടീല്‍ ഇതു പറയുമ്പോള്‍ ഹനീഫ് മൗലവിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞിരുന്നു. കാരാഗൃഹ ജീവിതത്തില്‍നിന്ന് മോചനം വിദൂരമാണെന്ന് മനസ്സില്‍ ഉറപ്പിച്ചുകഴിഞ്ഞ സമയമായിരുന്നു അത്. എന്‍െറ കേസ് വാദിച്ചുകൊണ്ടിരുന്ന ഷരീഫ് ശൈഖ് എന്ന പ്രശസ്തനായ വക്കീല്‍ ഉറപ്പിച്ചുപറഞ്ഞതാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ മോചനം പ്രതീക്ഷിക്കാനാവില്ളെന്ന്. തെളിവില്ലാത്തതിനാല്‍ മാനുഷിക പരിഗണ ലഭിക്കില്ളേ എന്ന് ചോദിച്ചപ്പോള്‍ ‘ഈ കേസിന് തെളിവുവേണ്ട. തെളിവ് അവര്‍ ഉണ്ടാക്കുകയാണ് ചെയ്യുക’ എന്നായിരുന്നു വക്കീലിന്‍െറ മറുപടി. പ്രതീക്ഷയറ്റ് ജയിലകത്ത് കഴിച്ചുകൂട്ടവെയാണ് കഴിഞ്ഞ വ്യാഴാഴ്ച വിഡിയോ കോര്‍ട്ടിലേക്ക് വിളിപ്പിക്കുന്നതും ജഡ്ജിയില്‍നിന്ന് വെളിപാടുപോലെ ഈ വാക്കുകള്‍ കേള്‍ക്കുന്നതും.

യുവാക്കളെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ തലശ്ശേരിയില്‍നിന്നാണ് മൗലവിയെ പൊലീസ് കൊണ്ടുപോകുന്നത്. എന്‍.ഐ.എക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതായതോടെ ഹനീഫ് മൗലവിക്ക് കഴിഞ്ഞ വെള്ളിയാഴ്ച കോടതി ജാമ്യം നല്‍കുകയായിരുന്നു.

ജയിലില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ളെന്ന് ഹനീഫ്  മൗലവി പറഞ്ഞു. ‘ 2016 ആഗസ്റ്റ് 14നാണ് മുംബൈ ക്രൈംബ്രാഞ്ച് ജെ.ജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ബൈക്കുള ലോക്കപ്പില്‍ 11 ദിവസം താമസിപ്പിച്ചു. മാന്യമായാണ് പൊലീസ് പെരുമാറിയത്. ആഗസ്റ്റ് 26ന് ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച ജയിലില്‍ പ്രാര്‍ഥനക്ക് എന്നെ ചുമതലപ്പെടുത്തി. വി.വി. പാട്ടീല്‍ എന്ന ജഡ്ജി വളരെ സൗമ്യമായാണ് പെരുമാറിയത്. മൂന്നുമാസം പിന്നിട്ടപ്പോള്‍ എന്‍.ഐ.എ ചോദ്യം ചെയ്യുന്നതിന് കൊണ്ടുപോയി.

ഏഴുദിവസം മുബൈയില്‍ എന്‍.ഐ.എ ഓഫിസില്‍. അവിടെയുണ്ടായിരുന്ന എറണാകുളത്തെ ഉദ്യോഗസ്ഥര്‍ സൗമ്യമായി പെരുമാറി. അവര്‍ എന്‍െറ വീട്ടിലും ജോലിചെയ്ത സ്ഥലങ്ങളിലുമൊക്കെ അന്വേഷണം നടത്തിയാണ് വരുന്നത്. പക്ഷേ, എനിക്കെതിരായ ഒന്നും അവര്‍ക്ക് ലഭിച്ചിട്ടുണ്ടായിരുന്നില്ല. തീവ്രവാദത്തെ അനുകൂലിക്കുന്ന എന്‍െറ ഒരു പ്രഭാഷണ ശകലമെങ്കിലും കിട്ടിയാല്‍ നിങ്ങള്‍ എന്നെ 40 വര്‍ഷം വേണമെങ്കില്‍ ജയിലിലടച്ചോളൂ എന്ന് ഞാനവരോട് പറഞ്ഞു. ഐ.എസില്‍ ചേരാന്‍ പോയെന്നു പറയപ്പെടുന്ന 13 പേര്‍ എന്‍െറ കൂട്ടുകാര്‍ തന്നെയാണ്. രണ്ടര വര്‍ഷം ഞാന്‍ പടന്നയില്‍ ജോലിചെയ്തിട്ടുണ്ട്. അതിനിടെ ഈ യുവാക്കളെ  സാംസ്കാരികമായും മതപരമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്തത്. 2014ല്‍ ഞാന്‍ പടന്നയില്‍നിന്ന് ജോലി മാറി.

ആറുമാസത്തെ തടവുജീവിതത്തില്‍ ആദ്യ മൂന്നു മാസം കേസില്‍ ഒരു ഇടപെടലും നടത്താന്‍ സാധിച്ചിരുന്നില്ല. പൊലീസ് പിടിയിലായതോടെ എന്തുചെയ്യണമെന്നറിയാതെ ബന്ധുക്കള്‍ കുഴങ്ങി. അവര്‍ മുംബൈയില്‍ച്ചെന്ന് ഒരു മലയാളി വക്കീലിനെ ഏര്‍പ്പാടാക്കിയെങ്കിലും മൂന്നുമാസവും അയാള്‍ ഒന്നും ചെയ്തില്ല. പണത്തിന് നിരന്തരം ആവശ്യപ്പെട്ട് 15,000 രൂപ കൈക്കലാക്കിയത് മിച്ചം. അങ്ങനെയാണ് പടന്നയില്‍ ഞാന്‍ ജോലിചെയ്ത സ്ഥലത്തുള്ള ബി.സി. റഹ്മാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുമായിബന്ധപ്പെട്ട് തന്‍െറ കാര്യം അറിയിക്കുന്നതും അദ്ദേഹം കേസില്‍ ഇടപെടുന്നതും. പ്രശസ്തനായ ഷരീഫ് ശൈഖിനെ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തിയത് ഇ.ടി. ഇ.ടി. മുഹമ്മദ് ബഷീറാണ്.ഇ.ടിയുടെ ഇടപെടലുണ്ടായിരുന്നില്ളെങ്കില്‍ തന്‍െറ ജീവിതം ജയിലില്‍ തളച്ചിടപ്പെട്ടേനെയെന്നും ഹനീഫ് മൗലവി പറയുന്നു.

Tags:    
News Summary - haneef maulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.