പാതിവില തട്ടിപ്പ്: എല്ലാ കേസുകളും ഒന്നായി കണക്കാക്കണമെന്ന് രണ്ടാംപ്രതി സായിഗ്രാമം ആനന്ദകുമാർ; സർക്കാറിനോട് വിശദീകരണം തേടി ഹൈകോടതി

കൊച്ചി: വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്ത പാതിവില തട്ടിപ്പ് കേസുകളെല്ലാം ഒരു കേസായി കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി. സത്യസായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് സ്ഥാപകൻ കെ.എന്‍. ആനന്ദകുമാറാണ് ഹരജി നൽകിയത്. ഇതിൽ ജസ്റ്റിസ് കെ.വി. ജയകുമാര്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ആനന്ദകുമാര്‍ ജയിലിലാണ്. നേരത്തേ ജാമ്യഹരജി ഹൈകോടതി തള്ളിയിരുന്നു.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനോടൊപ്പം മറ്റ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവയും പരിഗണിക്കാന്‍ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം. നിലവില്‍ 65 കേസുകളാണ് പാതിവിലത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആനന്ദകുമിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഡിയോകോണ്‍ഫറന്‍സിങ്​ വഴി കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

പാതിവിലയ്ക്ക് സ്‌കൂട്ടർ, ലാപ്‌ടോപ്പ്, തയ്യൽമെഷീൻ എന്നിവ നൽകാമെന്ന് പറഞ്ഞ് കോടികളാണ് മുഖ്യപ്രതി അനന്തുകൃഷ്ണന്റെ നേതൃത്വത്തിൽ നിരവധി പേരിൽനിന്നായി തട്ടിയെടുത്തത്. പദ്ധതിയിൽ അപേക്ഷിച്ച് പണമടച്ചിട്ട് 40,000-ത്തിലധികം പേർ വഞ്ചിതരായെന്നാണ് കണക്ക്. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന ക്രൈംബ്രാഞ്ച് തുടരുകയാണ്. 1350-ലധികം കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി രജിസ്റ്റർ ചെയ്തത്. 

Tags:    
News Summary - half price scam saigramam anandakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.