തിരുവനന്തപുരം: ഉന്നതര്‍ക്കും രാഷ്ട്രീയനേതാക്കൾക്കും പങ്ക് സംശയിക്കുന്ന, പാതിവില തട്ടിപ്പിന്റെ അന്വേഷണത്തിൽ ഉഴപ്പുകാട്ടി പൊലീസും സർക്കാറും. കുടുംബശ്രീ, പൊലീസ് അസോസിയേഷൻ തുടങ്ങി സമൂഹത്തിലെ വിവിധ കൂട്ടായ്മകൾക്ക് നേരെ ആരോപണമുയരുന്നതിനാൽ അന്വേഷണം കാര്യക്ഷമമാക്കാൻ മടിക്കുകയാണ് പൊലീസ്. അനന്തുകൃഷ്ണന്റെ 19 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് മാത്രം 33,000 പേരിൽനിന്ന് പണം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ദിവസവും നിരവധി പരാതികളാണ് ലഭിക്കുന്നത്. എന്നിട്ടും എത്ര പണമാണ് വെട്ടിച്ചതെന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ 800 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിലയിരുത്തൽ.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. കോടികളുടെ തട്ടിപ്പ് നടന്നിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കാത്തതും ദുരൂഹമാണ്. സംസ്ഥാന വ്യാപകമായ തട്ടിപ്പായതിനാൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് (ഇക്കണോമിക്സ് ഒഫൻസ് വിങ് -ഇ.ഒ.ഡബ്ല്യു) കൈമാറുകയോ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപവത്ക്കരിക്കുകയോ വേണമെങ്കിലും അതുണ്ടായില്ല. ഒരു കോടി രൂപക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകേസുകൾ ജില്ല ക്രൈംബ്രാഞ്ചിനും അഞ്ചുകോടിക്ക് മുകളിലുള്ളവ അന്വേഷിക്കാൻ എസ്.ഐ.ടി രൂപവത്ക്കരിക്കണമെന്നുമാണ് ഡി.ജി.പിയുടെ സർക്കുലർ. മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനെ മറ്റ് ജില്ലകളിലെ കേസന്വേഷണത്തിന് കസ്റ്റഡിയിൽ ലഭിക്കുന്നതിനോ അറസ്റ്റ് രേഖപ്പെടുത്തുന്നതിനോ നടപടിയില്ല. മറ്റ് ജില്ലകളിലെ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താൻ കോടതിയുടെ അനുമതി വേണം. ലോക്കൽ സ്റ്റേഷനുകൾ കേസ് രജിസ്റ്റർ ചെയ്യാനും മടിക്കുകയാണ്. രജിസ്റ്റർ ചെയ്ത കേസുകളിലാണെങ്കിൽ പരാതിക്കാരിൽനിന്ന് മൊഴിയെടുക്കലും തെളിവ് ശേഖരിക്കലും മാത്രമാണ് നടക്കുന്നത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന നിഗമനത്തിലാണ് ലോക്കൽ പൊലീസ് കൂടുതൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.