പാതി വില തട്ടിപ്പ്: ആനന്ദകുമാർ ട്രസ്റ്റിന്‍റെ ആജീവനാന്ത ചെയർമാൻ; രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചു

തിരുവനന്തപുരം: 500 കോടിയോളം രൂപയുടെ പാതിവില തട്ടിപ്പിൽ പങ്കില്ലെന്ന സായ്ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എന്‍. ആനന്ദകുമാറിന്‍റെ വാദം പൊളിച്ച് നിർണായക രേഖകൾ. എൻ.ജി.ഒ കോൺഫെഡറേഷൻ തട്ടിപ്പ് കമ്പനി ആണെന്നും ട്രസ്റ്റിന്‍റെ പൂർണ അധികാരി ആനന്ദകുമാറെന്നും തെളിയിക്കുന്ന ട്രസ്റ്റ് ഡീഡ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപവത്കരിച്ചത്.

കെ.എൻ. ആനന്ദ്കുമാർ, അനന്തു കൃഷ്ണൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ, ബീന സെബാസ്റ്റ്യൻ എന്നിവർ എൻ.ജി.ഒ കോൺഫെഡറേഷൻ സ്ഥാപക അംഗങ്ങളെന്നാണ് രേഖയിൽ നിന്നും വ്യക്തമാകുന്നത്. അഞ്ച് പേർക്കും പിന്തുടർച്ചാവകാശമുണ്ട്.

കൂടുതൽ അംഗങ്ങളെ നിർദേശിക്കാനുള്ള അധികാരവും ചെയർമാനായ ആനന്ദകുമാറിനാണ്. ആജീവനാന്തന ചെയർമാനാണെങ്കിലും ആനന്ദ് കുമാറിന് എപ്പോൾ വേണമെങ്കിലും രാജി വെക്കാം. തട്ടിപ്പിന്‍റെ സൂത്രധാരന്‍ അനന്തുകൃഷ്ണന്‍ ആണെങ്കിലും നിയമപരമായ കൂടുതല്‍ ഉത്തരവാദിത്തം ആനന്ദകുമാറിനാണെന്നാണ് വ്യക്തമാകുന്നത്.

ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരായിരിക്കും ഉപദേശക സമിതിയുടെ ചെയര്‍മാനെന്ന കാര്യവും ട്രസ്റ്റ് ഡീഡില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അനന്തു കൃഷ്ണന്‍റെ ഉടമസ്ഥതയിലുളള പ്രഫഷനല്‍ സര്‍വീസസ് ഇന്നവേഷനെന്ന സംഘടനക്കാവും പാതിവിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നതിന്‍റെ ഉത്തരവാദിത്തമെന്നതും രേഖയിലുണ്ട്.

പകുതിവില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍നിന്ന് രണ്ടുകോടി രൂപ ആനന്ദകുമാറിന് നല്‍കിയെന്ന അനന്തുകൃഷ്ണൻ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം അന്വേഷണസംഘത്തിനും വ്യക്തമായിരുന്നു. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് അനന്തു പണം നല്‍കിയിട്ടുണ്ട്. പലരുടെയും ഓഫിസ് സ്റ്റാഫുകള്‍ വഴിയാണ് പണം കൈമാറിയത്.

അതേസമയം പാതിവില തട്ടിപ്പ് കേസില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്‍റെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തുകയാണ് ക്രൈംബ്രാഞ്ച്.

അനന്തുകൃഷ്ണന്‍ രൂപവത്കരിച്ച എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍റെ അധ്യക്ഷയായ ബീനക്ക് തട്ടിപ്പിനെക്കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. മധ്യകേരളത്തിലും മലബാറിലും അനന്തു സംഘടിപ്പിച്ച പാതിവില സാമഗ്രി വിതരണ പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു കോണ്‍ഫെഡറേഷന്‍റെ ചെയര്‍പേഴ്സന്‍ കൂടിയായ ബീന. 

Tags:    
News Summary - Half Price Fraud: Anantha Kumar is Lifetime Chairman of Trust; The investigation team received the documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.