കരിപ്പൂർ: അടുത്ത അഞ്ചു വർഷത്തേക്കുള്ള ഹജ്ജ് നയത്തിന്റെ കരടുരേഖ തയാറായി. സംസ്ഥാനത്തുനിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ ഉൾപ്പെടെ 25 പുറപ്പെടൽ കേന്ദ്രങ്ങളാണ് കരടിൽ ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ, നിലവിലെ ഹജ്ജ് ക്വോട്ട പുനർനിർണയിക്കണമെന്നും നിർദേശമുണ്ട്.
ഇന്ത്യക്ക് അനുവദിക്കുന്ന ക്വോട്ടയിൽ 75 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 25 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമാണ് 2018ലെ നയപ്രകാരം അനുവദിച്ചത്. ഇത് നേരത്തേയുണ്ടായിരുന്ന 80:20 ആക്കണമെന്നാണ് ശിപാർശ. ഇത് അംഗീകരിച്ചാൽ കൂടുതൽ തീർഥാടകർക്ക് ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിക്കും. നിലവിലുള്ള നയത്തിന്റെ കാലാവധി 2018 മുതൽ 2022 വരെയായിരുന്നു. ഇത് അവസാനിച്ചതിനെ തുടർന്നാണ് പുതിയത് തയാറാക്കുന്നത്.
കരിപ്പൂരും കൊച്ചിയും നിലവിലുള്ള ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളാണ്. കണ്ണൂരിനെയും കേന്ദ്രമാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഈ ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരും കരട് നയത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽനിന്ന് 21 വിമാനത്താവളങ്ങളെയാണ് പുറപ്പെടൽ കേന്ദ്രങ്ങളായി ഹജ്ജ് കമ്മിറ്റി അംഗീകരിച്ചിരിക്കുന്നത്.
ഇത് 25 ആയി വർധിപ്പിക്കാനാണ് നിർദേശം. കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതിനു ശേഷമേ അന്തിമനയം പ്രസിദ്ധീകരിക്കുകയുള്ളൂ. 2023 മുതൽ 2028 വരെയുള്ള കാലയളവിലേക്കുള്ള നയമാണ് തയാറായിരിക്കുന്നത്. കേന്ദ്രം ഒരാഴ്ചക്കകം ഇതിന് അംഗീകാരം നൽകുമെന്നാണ് സൂചന. ഇതിനു ശേഷമായിരിക്കും അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടി ആരംഭിക്കുക.
കരിപ്പൂർ: ഹജ്ജ് അപേക്ഷ ഓൺലൈൻ വഴി സ്വീകരിക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സേവന കേന്ദ്രങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഹാജിമാര്‍ക്ക് പരിശീലനം നല്കാന് പ്രത്യേക അഭിമുഖത്തിലൂടെ ട്രെയിനർമാരെയും തെരഞ്ഞെടുക്കും.
ഈ വർഷത്തെ നടപടികള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വിജ്ഞാപനവും കർമരേഖയും ലഭിക്കുന്നതോടെ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി, മുഹമ്മദ് മുഹ്സിന് എം.എല്‍.എ, എ. സഫര്‍ കയാല്‍, പി.പി. മുഹമ്മദ് റാഫി, കെ. ഉമർ ഫൈസി, കെ. മൊയ്തീന്‍കുട്ടി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ.എം. മുഹമ്മദ് കാസിം കോയ, ഡോ. ഐ.പി. അബ്ദുസ്സലാം, ടി.കെ. ഹംസ എന്നിവര്‍ സംബന്ധിച്ചു. അസി. സെക്രട്ടറി എന്‍. മുഹമ്മദലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.