ഹജ്ജ് പണമടക്കൽ: തീയതിനീട്ടി

കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ അവസാന ഗഡു തുക അടക്കേണ്ട തീയതി മേയ് 18 വരെ നീട്ടി. നേരത്തേ, മേയ് 15 ആയിരുന്നു അവസാന തീയതി.

11,010 പേർക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചത്. നേരത്തെ 10,331 പേരാണുണ്ടായിരുന്നത്. കഴിഞ്ഞദിവസം 1170 പേർക്ക് കൂടി അവസരം ലഭിച്ചു. അതേസമയം, അവസരം ലഭിച്ചവരിൽ 491 പേർ വിവിധ കാരണങ്ങളാൽ യാത്ര റദ്ദാക്കി.

4232 പുരുഷന്മാർക്കും 6778 സ്ത്രീകൾക്കുമാണ് നിവലിൽ അവസരം ലഭിച്ചിരിക്കുന്നത്. 70 വയസ്സ് വിഭാഗത്തിൽ 1369 പേർ, ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ 2733 പേർ, ജനറൽ വിഭാഗത്തിൽ 6908 ​പേർ എന്നിങ്ങനെയാണ് ഇക്കുറി കേരളത്തിൽനിന്ന് യാത്ര പുറപ്പെടുക. കൂടാതെ ലക്ഷദ്വീപിൽനിന്നുള്ള 164 പേരും കൊച്ചി വിമാനത്താവളം വഴി യാത്ര പുറപ്പെടും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ വിമാന സർവിസിന്റെ താൽക്കാലിക ഷെഡ്യൂളായി. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള സർവിസിന്റെ ഷെഡ്യൂളാണ് തയാറായത്. രണ്ടിടത്തും എയർ ഇന്ത്യ എക്സ്പ്രസിനാണ് കരാർ ലഭിച്ചിരിക്കുന്നത്. വിമാന കമ്പനി നൽകിയിരിക്കുന്ന ഷെഡ്യൂളാണ് ഇപ്പോൾ ലഭ്യമായത്. കേന്ദ്ര കമ്മിറ്റി ഓഫിസിൽനിന്ന് ഷെഡ്യൂളിന് അംഗീകാരം നൽകിയശേഷം മാത്രമേ അന്തിമമാകുകയുള്ളൂവെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.

നിലവിലെ ഷെഡ്യൂൾ പ്രകാരം ജൂൺ നാലിന് പുലർച്ച 1.45ന് കണ്ണൂരിൽനിന്നാണ് ആദ്യ വിമാനം പുറപ്പെടുക. ഇതേദിവസം രാവിലെ 8.30ന് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് സർവിസിന് തുടക്കംകുറിക്കും. കൊച്ചിയിൽനിന്ന് സൗദി എയർലൈൻസിനാണ് ഹജ്ജിന്റെ കരാർ ലഭിച്ചിട്ടുള്ളത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിൽനിന്നും ജിദ്ദയിലേക്കാണ് തീർഥാടകർ പുറപ്പെടുക.

കരിപ്പൂരിലും കണ്ണൂരിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഹജ്ജ് സർവിസിന് ഉപയോഗിക്കുക. കൊച്ചിയിൽ വലിയ വിമാനങ്ങളും. നിലവിലെ ഷെഡ്യൂൾ പ്രകാരം കരിപ്പൂരിൽനിന്ന് 44ഉം കണ്ണൂരിൽനിന്ന് എട്ടും സർവിസുകളാണുള്ളത്. കരിപ്പൂരിൽ ജൂൺ 22നും കണ്ണൂരിൽ ജൂൺ എട്ടിനും ആണ് അവസാന സർവിസ്. കരിപ്പൂർ - 6852, കൊച്ചി - 2213, കണ്ണൂർ - 1796 എന്നിങ്ങനെയാണ് തീർഥാടകർ പുറപ്പെടുക.

Tags:    
News Summary - Hajj: payment date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.