നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള എമ്പാർക്കേഷൻ പോയിന്റുകളിലൊന്നായ നെടുമ്പാശ്ശേരി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനിതാ തീർഥാടകർ യാത്ര ചെയ്യുന്ന പ്രധാന കേന്ദ്രമായി മാറി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഹജ്ജിന് പോകുന്നത് ഇത്തവണ നെടുമ്പാശ്ശേരി വഴിയാണ്. ഇതിൽ വനിതകളുടെ എണ്ണം ഇക്കുറിയും പുരുഷന്മാരേക്കാൾ കൂടുതലാണ്.
കേരളത്തിലെ മൂന്നു എമ്പാർക്കേഷൻ പോയിന്റുകളിൽനിന്നും യാത്ര തിരിക്കുന്ന 13,194 തീർഥാടകരിൽ 7,943 പേരും നെടുമ്പാശ്ശേരി വഴിയാണ് പോകുന്നത്. ഇതിൽതന്നെ പകുതിയിലധികം വനിതകളാണ്. പുരുഷ തുണ (മെഹ്‌റം) ഇല്ലാതെ പോകുന്ന വനിതകളുടെ കാര്യത്തിൽ കോഴിക്കോട് വിമാനത്താവളമാണ് കഴിഞ്ഞ കാലങ്ങളിൽ മുൻനിരയിൽ നിന്നതെങ്കിലും ഇത്തവണ നെടുമ്പാശ്ശേരിയിൽ വനിതാ തീർഥാടകരുടെ കാര്യത്തിൽ വൻ വർധനവുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കേരളത്തിൽനിന്ന് ഏറ്റവുമധികം പേർ യാത്ര തിരിക്കുന്ന മുഖ്യ കേന്ദ്രമായി നെടുമ്പാശ്ശേരി മാറി. പുരുഷ തുണയില്ലാതെ സംസ്ഥാനത്തുനിന്ന് 4,477 വനിതകൾ ഇത്തവണ ഹജ്ജിന് പോവുന്നുണ്ട്. ഇത് ഇന്ത്യയിലെതന്നെ ഏറ്റവും ഉയർന്ന നിരക്കാണ്.
ഞായറാഴ്ച ഉച്ചക്ക് 2.10ന് ഫ്ലൈനാസ് എയർലൈൻസിന്റെ എക്സ് വൈ 8082 വിമാനത്തിൽ 427 വനിതകളും രാത്രി 8.10ന് എക്സ് വൈ 8024 വിമാനത്തിൽ 425 വനിതകളും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് യാത്ര തിരിച്ചു.
പുരുഷ തുണയില്ലാതെ സ്ത്രീകൾക്ക് മാത്രമായുള്ള ആറ് വിമാനങ്ങളാണ് ഇവിടെനിന്ന് ഇതുവരെ പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.