കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ അനധികൃത നിയമന കേസിലെ പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച് ഇൗ മാസം രണ്ടിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. അനധികൃത നിയമനം സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കണമോ എന്നുതീരുമാനിക്കാൻ റവന്യൂ അഡീഷനല്‍ സെക്രട്ടറിക്കാണ് (ദേവസ്വം) നിർദേശം നൽകിയത്. രണ്ടിനകം തീരുമാനമെടുത്തില്ലെങ്കില്‍ അഞ്ചിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപണവിധേയനായ എന്‍. രാജു സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണനയിലുള്ളത്. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ 20 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഒക്ടോബർ ഒമ്പതിന് കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്ച കേസ് പരിഗണനക്ക് വന്നപ്പോള്‍ പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് രണ്ടുദിവസംകൂടി അനുവദിച്ചത്.
ജനറല്‍ വര്‍ക്ക്മെൻ ആയി 1985ലാണ് രാജു ജോലിയില്‍ പ്രവേശിച്ചത്. കാലാകാലങ്ങളില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും ദേവസ്വം മാനേജ്മെൻറ് കമ്മിറ്റി അംഗമാവുകയും ചെയ്തു. നിലവില്‍ ഫോര്മാന് ഗ്രേഡ് ഒന്നായാണ് പ്രവര്‍ത്തിക്കുന്നത്. അനധികൃത ഇടപെടൽ ആരോപിച്ച് കലൂര്‍ പാവക്കുളം ശിവക്ഷേത്രത്തിലെ പൂജാരിയായ എന്‍. ശ്രീജേഷ് സമര്‍പ്പിച്ച പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഗുരൂവായൂര്‍ ദേവസ്വം കമീഷണറായിരുന്ന വി.എം. ഗോപാലമേനോന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്ററായിരുന്ന കെ. മുരളീധരന്, ടി.വി. ചന്ദ്രമോഹന്, മധുസൂദനന് പിള്ള, മാനേജ്മെൻറ് കമ്മിറ്റി അംഗമായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി, അഡ്വ. എം. ജനാര്ദനന്, കെ. ശിവശങ്കരന് എന്നിവരെകൂടി കക്ഷിയാക്കിയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.