(പ്രതീകാത്മക ചിത്രം)
ഇരിട്ടി: അയ്യംകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോടു മലയിൽ ഉൾവനത്തിൽ പൊലീസ്-മാവോവാദി വെടിവെപ്പ്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി സൂചന. ഉരുപ്പുംകുറ്റി മാവോവാദി സാന്നിധ്യമുള്ള പ്രദേശമെന്ന നിലയിൽ തണ്ടർബോൾട്ട് അടക്കമുള്ള സായുധ സംഘം മേഖലയിൽ പരിശോധന ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ 9.30നാണ് പ്രദേശവാസികൾ ഞെട്ടിത്തോടു മലയിൽനിന്ന് വെടിവെപ്പിന്റെ ശബ്ദം കേട്ടത്. തുടർന്ന് ഞെട്ടിത്തോടു മലയുടെ അടിവാരപ്രദേശങ്ങളിലെല്ലാം പൊലീസ് സന്നാഹം എത്തി. ഉരുപ്പുംകുറ്റി ഉൾപ്പെടെ സംഭവം നടന്ന പ്രദേശത്തേക്ക് പോകുന്ന എല്ലാ റോഡുകളും പൊലീസ് തടഞ്ഞു. 12.30വരെ ഇടക്ക് വെടിയൊച്ച കേൾക്കാമായിരുന്നു.
ഞായറാഴ്ച ഉച്ചക്കും തിങ്കളാഴ്ച പുലർച്ചയുമായി തണ്ടർബോൾട്ട് സേന അംഗങ്ങൾ ഉൾപ്പെടെയുള്ള വൻ സംഘം ഉരിപ്പുംകുറ്റിക്ക് സമീപത്തെ വനമേഖലകളിൽ തിരച്ചിലിന് എത്തിയിരുന്നു. ഞെട്ടിത്തോട് മേഖലയിൽ വനത്തിനുള്ളിൽ കുറിച്യ വിഭാഗത്തിൽപെട്ട ഒരാൾക്ക് പതിച്ചുകിട്ടിയ നാലേക്കർ സ്ഥലമുണ്ട്. ഇവിടെയാണ് ആദ്യം വെടിയൊച്ച കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
കനത്ത സുരക്ഷക്കിടയിലും കഴിഞ്ഞ ദിവസം സായുധ മാവോവാദി സംഘം ഇവിടെയടുത്ത വാളത്തോട് പ്രദേശങ്ങളിലെ വീടുകളിലെത്തി ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് മടങ്ങിയിരുന്നു. കർണാടക അതിർത്തിയിലെ കേരള പ്രദേശമാണ് വാളത്തോട്. ഇവിടെ മാവോവാദി ക്യാമ്പ് നടന്നതായും സൂചനയുണ്ട്. രാത്രി വൈകിയും മാവോവാദികൾക്കായി തിരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടൽ നടന്ന പ്രദേശങ്ങളിലേക്കുള്ള റോഡുകൾ മുഴുവൻ പൊലീസ് അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.