ഭാരത് ജോഡോ യാത്രക്കിടെ ഗദ്ദർ
രാഹുൽഗാന്ധിയെ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
കോഴിക്കോട്: ‘എങ്ങനെ പോരാടണമെന്ന് നിങ്ങള് മറന്നോ?, എന്തിന് പോരാടണമെന്ന് നിങ്ങള് മറന്നോ?, പോരാടണമെന്ന വാക്കുപോലും നിങ്ങള് മറന്നോ? എങ്കിലറിയുക നിങ്ങള് അടിമകളാണ്...’ ചൂടും ചൂരുമുയരുന്ന കവിതകളുമായി ഒരു കാലത്തെ നക്സലൈറ്റ് പോരാട്ടങ്ങളെയും ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളെയും ആവേശത്തിലാക്കിയ മനുഷ്യനായിരുന്നു ആന്ധ്രയിൽ ഞായറാഴ്ച അന്തരിച്ച ഗദ്ദർ എന്ന ഗുമ്മഡി വിട്ടൽ റാവു.
ഒരിക്കൽ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ അറസ്റ്റിലായി ഗദ്ദർ ജയിലിൽ കിടന്നപ്പോൾ പൊലീസുകാരും ജയിൽ ഉദ്യോഗസ്ഥരും ആ നാടോടിശീലുകളുടെ ആരാധകരായി. 22 ദിവസത്തിനു ശേഷം ജാമ്യം കിട്ടി പുറത്തുവരുമ്പോൾ സഹതടവുകാരും ഉദ്യോഗസ്ഥരും ഗംഭീര യാത്രയയപ്പാണ് ഈ വിപ്ലവ ഗായകന് നൽകിയത്. ജയിൽ ഡയറിയിൽ ഗദ്ദർ കുറിച്ചിട്ട ഈരടികൾ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
ഗദ്ദർ പാടുമ്പോൾ ആന്ധ്രപ്രദേശിലെ സാധാരണക്കാരും കൂലിപ്പണിക്കാരുമായയാളുകൾ കൈയടിക്കും. ഭരണകൂടത്തെയും ഭൂപ്രഭുക്കന്മാരെയും ആ കരുത്തുറ്റ ശബ്ദവും അക്ഷരങ്ങളിലെ അഗ്നിയും പൊള്ളിക്കും. പൊലീസുകാരൻ മുതൽ ഹൈദരാബാദിലെ നൈസാം കുടുംബത്തിൽ വരെയുള്ളവർ ആ പാട്ടുകളെ ഇഷ്ടപ്പെട്ടിരുന്നു. മണ്ണിന് വേണ്ടിയുള്ള ഭൂരഹിതരുടെ പോരാട്ടങ്ങൾക്ക് ഗദ്ദറിന്റെ ഗാനങ്ങൾ ഊർജമായിരുന്നു.
ഒരു നൂറ്റാണ്ടിനുമപ്പുറം ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ ‘ഗദ്ദർ’ എന്ന പാർട്ടിയോടുള്ള ഇഷ്ടം കൊണ്ട് ഗുമ്മഡി വിട്ടൽ റാവു തന്റെ പേര് ഗദ്ദർ എന്നാക്കുകയായിരുന്നു. നക്സൽ സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ന്റെ സാംസ്കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ വേദികളിലാണ് ഗദ്ദർ നാട്ടിൽ പാടിത്തകർത്തത്. പീന്നീട് പീപ്ൾസ് വാർ ഗ്രൂപ്പായി മാറിയപ്പോഴും ഇദ്ദേഹം സംഘടനക്കൊപ്പമുണ്ടായിരുന്നു. കേരളമടക്കം മറ്റ് സംസ്ഥാനങ്ങളിലും പാട്ടിനെ കൊടുങ്കാറ്റാക്കി ഇയാളെത്തി.
ഇരുകാലിലും ചിലങ്കയണിഞ്ഞ്, മുണ്ടുടുത്ത്, കുപ്പായമിടാതെ ഒരു മനുഷ്യൻ ഏത് തെരുവിലും പാട്ടിലൂടെ വിപ്ലവചോദ്യങ്ങളുയർത്തി. ചുമലിൽ ചുവപ്പും കറുപ്പും കമ്പിളിപ്പുതപ്പും ധരിക്കുന്നതും പ്രത്യേകതയായിരുന്നു. അക്കാലത്ത് സർക്കാറുമായുള്ള ചർച്ചകളിലും വാർത്തസമ്മേളനങ്ങളിലും ഇതേവേഷമായിരുന്നു ഗദ്ദറിന്.
ഏത് വിഷയവും ജനങ്ങളിലേക്കെത്തിക്കാൻ തൽസമയം ഗാനം രചിക്കാനും മിടുക്കനായിരുന്നു. ആയുധമെടുത്ത് പോരാടുന്ന നക്സൽ സംഘത്തിനൊപ്പമായിരുന്നെങ്കിലും പാട്ടുകളാണ് തന്റെ ആയുധമെന്നതായിരുന്നു നിലപാട്.
നാല് ആയുധധാരികൾ 1997 ഏപ്രിൽ ആറിന് ഗദ്ദറിന് നേരെ പോയന്റ് ബ്ലാങ്കിൽ വെടിയുതിർത്തെങ്കിലും ആ വിപ്ലവ ജീവിതത്തെ തളർത്താനായില്ല. വയറിൽ അഞ്ച് വെടിയുണ്ടകൾ തറച്ചുകയറി. ഒരെണ്ണം എടുത്തുമാറ്റാൻ പറ്റിയിരുന്നില്ല. വിദഗ്ധ ഡോക്ടർമാരുടെയടക്കം ചികിത്സയിൽ ഗദ്ദർ ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.
അന്നത്തെ ചന്ദ്രബാബു നായിഡു സർക്കാറിന്റെ രഹസ്യസംഘമാണ് ആക്രമണം നടത്തിയതെന്ന ആരോപണം അക്കാലത്ത് ശക്തമായിരുന്നു. അഞ്ച് വർഷത്തിനുശേഷം ഇതേ ഗദ്ദറിനെ നക്സലൈറ്റുകളുമായുള്ള പല ചർച്ചകൾക്കും നായിഡു മധ്യസ്ഥനാക്കിയിരുന്നു. സിനിമക്ക് പാട്ടെഴുതിയതിന് സംഘടനയിൽനിന്ന് നടപടി നേരിട്ട ചരിത്രവും ഗദ്ദറിനുണ്ട്. പിന്നീട് ദലിത് പോരാട്ടങ്ങളിലേക്ക് മാറുകയും രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചത് അത്ഭുതപ്പെടുത്തുകയും ചെയ്തപ്പോഴും പഴയ ചുവന്ന കനൽ അണയാതെ കാത്തിരുന്നു.
കോഴിക്കോട്: കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനങ്ങളുമായും ജനകീയ പോരാട്ടങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു ഗദ്ദർ. ഗദ്ദറുണ്ടായിരുന്ന സംഘടനയായ ജനനാട്യ മണ്ഡലിയിൽ ആദ്യകാലത്ത് ഒരു മലയാളിയുണ്ടായിരുന്നു, ഗദ്ദറിന്റെ അയൽക്കാരൻ കൂടിയായിരുന്ന എസ്.ആർ. ശങ്കരൻകുട്ടി.
’70കൾ മുതൽ സംസ്ഥാനത്തേക്ക് പല പരിപാടികൾക്കും ഗദ്ദറും സംഘവും എത്തി. ഭരണകൂടം വെടിവെച്ചുകൊന്ന വർഗീസിനെക്കുറിച്ചും മർദിച്ചുകൊന്ന രാജനെക്കുറിച്ചും തൊണ്ടപൊട്ടുമാറുച്ചത്തിൽ ഈ വിപ്ലവഗായകൻ പാടി. വിപ്ലവ സാംസ്കാരിക സംഘടനകളുടെ സമ്മേളനങ്ങളിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഈ നാടിന്റെ വിഷയങ്ങളും കവിതകളിലൂടെ അവതരിപ്പിച്ചിരുന്നു. ഒരിക്കൽ കേരളത്തിൽ വന്നപ്പോൾ തേങ്ങയുടെ വിലക്കുറവിനെക്കുറിച്ച് ഗാനം രചിച്ചു.
‘എന്തുകമ്മ കൊപ്പരതല്ലി കണ്ണീരെടുത്താവൂ’ എന്നായിരുന്നു ഗാനം. കേരമാതാവേ, കണ്ണീരൊഴുക്കുന്നതെന്തിനാണെന്നായിരുന്നു മൂർച്ചയുള്ള ചോദ്യം. ലോകബാങ്കിൽനിന്ന് വായ്പയെടുക്കുന്നതിനെതിരെയും ആഗോളവത്കരണത്തിനെതിരെയും ഗദ്ദറിന്റെ വാക്കുകൾ കേരളത്തിൽ പലയിടത്തും മുഴങ്ങിയിരുന്നു. ഒരിക്കൽ ആശാൻ സ്മാരക കവിത പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും ഗദ്ദർ സ്വീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.