തിരുവനന്തപുരം: നികുതിയിളവ് പ്രാബല്യത്തിൽ വന്നെങ്കിലും വില കുറക്കാതെ ലാഭമെടുക്കുന്ന കമ്പനികളെയും ഇടനിലക്കാരെയും നേരിടാനുള്ള ജി.എസ്.ടി വ്യവസ്ഥകളുടെ ചിറകരിഞ്ഞതോടെ കേന്ദ്രത്തിന്റെ വിപണി ഇടപെടൽ നിരീക്ഷണത്തിലും ഉപദേശത്തിലുമൊതുങ്ങും. 2017ലെ ജി.എസ്.ടി ആക്ടിലെ സെക്ഷൻ 171 ലാണ് (ആന്റി-പ്രോഫിറ്റിയറിങ്) നികുതിയിളവ് ഗുണഭോക്താക്കൾക്ക് നൽകാതെ ലാഭം കൊയ്യുന്നവർക്കെതിരെ കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരുന്നത്. ഇതിനായി ത്രിതല സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, ജി.എസ്.ടി കൗൺസിലിന്റെ ശിപാർശ പ്രകാരം 2025 ഏപ്രിൽ ഒന്നുമുതൽ സെക്ഷൻ 171 മരവിപ്പിച്ചു. മാത്രമല്ല, വിതരണക്കാർ ലാഭമുണ്ടാക്കുന്നുണ്ടോ എന്ന് നിർണയിക്കുന്നതിനും അവർക്കെതിരെ നടപടിയെടുക്കുന്നതിനുമുള്ള നാഷനൽ ആന്റി-പ്രോഫിറ്റിയറിങ് അതോറിറ്റി (എ.എ.എ), ഡയറക്ടറേറ്റ് ജനറൽ ഓഫ് ആന്റി-പ്രോഫിറ്റിയറിങ് (ഡി.ജി.എ.പി), ഉപഭോക്താക്കൾക്ക് പരാതി കൈമാറാനുള്ള സ്റ്റാൻഡിങ് ആൻഡ് സ്ക്രീനിങ് കമ്മിറ്റികൾ എന്നിവക്കും ഏപ്രിൽ ഒന്നിന് താഴുവീണു. കമ്പനികളെയും ഹോൾസെയിൽ വിഭാഗങ്ങളെയും സഹായിക്കുംവിധം ഇതെല്ലാം അവസാനിപ്പിച്ച ശേഷമാണ് നാല് മാസങ്ങൾക്കിപ്പുറം പുതിയ നികുതിയിളവുകൾ പ്രഖ്യാപിച്ചത്. ഇതോടെ വിപണിയിൽ വിലക്കുറവ് വരുത്താത്തവർക്കെതിരെ ഒരു നിയമനടപടിയും സ്വീകരിക്കാനാവില്ല.
ഫലത്തിൽ നിരക്കിളവിന്റെ ആനുകൂല്യം ജനങ്ങളിലെത്തില്ലെന്ന ആശങ്കക്ക് അടിവരയിടുന്നതാണ് ജി.എസ്.ടി സംബന്ധിച്ച നിയമസാഹചര്യം. നികുതിയിളവ് മറികടക്കാൻ കമ്പനികൾ വില ഉയർത്തിയാലും ഒന്നും ചെയ്യാനാവില്ല. ഇതെല്ലാം മുൻനിർത്തി ജി.എസ്.ടി പരിഷ്കാരത്തിന്റെ ഗുണഭോക്താക്കൾ കമ്പനികളാകുമോ എന്ന ചോദ്യവും ശക്തമാണ്. ഇതിനിടെ ജി.എസ്.ടി 2.0 നടപ്പാക്കിയതിന് പിന്നാലെ മരുന്ന്, ഇലക്ട്രോണിക് ഉപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയടക്കം 50 ഇനങ്ങളുടെ വില സംബന്ധിച്ച് നിരീക്ഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളിലെ കേന്ദ്ര ജി.എസ്.ടി ഓഫിസുകൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
വ്യവസ്ഥകൾ കർശനം, അവസാനിപ്പിക്കൽ അപ്രതീക്ഷിതം
നികുതി നിരക്കുകളുടെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കാനും ഒപ്പം നികുതി നിരക്കുകൾ കുറയുന്ന ഘട്ടത്തിൽ വിതരണക്കാർ ആനുകൂല്യങ്ങൾ സ്വയം സ്വന്തമാക്കുന്നത് തടയാനും ഉദ്ദേശിച്ചുള്ള നിയമപരമായ വ്യവസ്ഥയായിരുന്നു സെക്ഷൻ 171. അധിക ലാഭം നേടിയതായി തെളിയിക്കപ്പെട്ടാൽ വില കുറക്കാൻ വിതരണക്കാരനെ നിർബന്ധിക്കൽ, 18 ശതമാനം പലിശ സഹിതം ഉപഭോക്താവിന് തിരികെ നൽകാൻ ഉത്തരവിടാനുള്ള അധികാരം, വീഴ്ച വരുത്തുന്നവർക്ക് പിഴ, ഗുരുതര കേസുകളിൽ വിതരണക്കാരന്റെ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കൽ എന്നിവയാണ് സെഷൻ 171ൽ വ്യവസ്ഥ ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.