മൂന്നാർ: കോവിഡ് നിയന്ത്രണം ലംഘിച്ച് സി.എസ്.ഐ സഭ മൂന്നാറിൽ നടത്തിയ വൈദികരുടെ കൂട്ടധ്യാനം രോഗവ്യാപനത്തിനും രണ്ട് മരണങ്ങൾക്കും കാരണമായതായി ചീഫ് സെക്രട്ടറിക്ക് പരാതി. തിരുവനന്തപുരം സൗത്ത് കേരള രൂപതയിലെ 480 വൈദികർക്ക് ഏപ്രിൽ 13 മുതൽ 17 വരെ നടത്തിയ ധ്യാനമാണ് വിവാദമായത്. 50 പേരിൽ കൂടുതൽ കൂട്ടംചേരുന്നത് നിരോധിച്ചിരിക്കെ, അധികൃതർക്ക് അപേക്ഷ നൽകുകയോ അനുമതി തേടുകയോ ചെയ്യാതെയാണ് ധ്യാനം സംഘടിപ്പിച്ചത്.
പഴയ മൂന്നാർ സി.എസ്.ഐ പള്ളി ഓഡിറ്റോറിയത്തിൽ സൗത്ത് കേരള രൂപത ബിഷപ് ധർമരാജ് റസാലിെൻറ നേതൃത്വത്തിലായിരുന്നു ധ്യാനം. സമൂഹ അകലം പാലിക്കാതെയും മാസ്കുപോലും ധരിക്കാതെയുമാണ് വൈദികർ ധ്യാനത്തിൽ പങ്കെടുത്തതെന്ന് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷൻ സെക്രട്ടറി ജേക്കബ് മാത്യു നൽകിയ പരാതിയിൽ പറയുന്നു. 80 വൈദികർ രോഗബാധിതരായെന്നും ബിജുമോൻ, ഷൈൻ ബി. രാജ് എന്നീ വൈദികർ മരിച്ചതായും പരാതിയിലുണ്ട്. വൈദികരെ പ്രത്യേക വാഹനങ്ങളിൽ തിരുവനന്തപുരത്തുനിന്ന് മൂന്നാറിൽ എത്തിക്കുകയായിരുന്നു. ഒരുമിച്ച് ധ്യാനത്തിൽ പങ്കെടുക്കുകയും താമസിക്കുകയും ചെയ്തപ്പോഴാകാം രോഗവ്യാപനം ഉണ്ടായതെന്ന് കരുതുന്നു. പലരും സ്വന്തം ഇടവകയിൽ ഇടപഴകിയതും ആശങ്ക വർധിപ്പിക്കുന്നു.
സഭയുടെ കീഴിെല എല്ലാ രൂപതയിെലയും പുരോഹിതർക്ക് വർഷംതോറും നടത്താറുള്ള ധ്യാനമാണിത്. ഇത്തവണ കോവിഡുകാലം കഴിഞ്ഞുമതി ധ്യാനമെന്ന പലരുടെയും നിർദേശം സഭാനേതൃത്വം തള്ളിയെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.