പയ്യന്നൂർ: മകളുടെ മകന്റെ മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ച സംഭവത്തിൽ കേസ് കൊലക്കുറ്റത്തിന്. പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടിൽ കാർത്യായനിയമ്മ (88)യാണ് പേരമകൻ റിജു (45) വിന്റെ മർദനമേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത റിജുവിന്റെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ 11ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ താമസിക്കുന്ന വിരോധത്തിൽ മുത്തശ്ശിയെ റിജു തടഞ്ഞുവെച്ച് കൈകൊണ്ട് അടിച്ചുപരിക്കേൽപ്പിക്കുകയും തള്ളി നിലത്തിടുകയും ചെയ്തുവെന്ന, ഇവരെ പരിചരിക്കുന്ന ഹോം നഴ്സ് ഉദയഗിരി തെമ്മാർക്കാട്ടെ അമ്മിണി രാധാകൃഷ്ണന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കാർത്യായനിയമ്മ ബുധനാഴ്ച രാത്രി 8.30ഓടെ മരിച്ചു. വീഴ്ചയിൽ തല നിലത്തടിച്ചതിനെ തുടർന്ന് തലയോട്ടിക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയത്.എസ്.ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.