വീട് മകൾക്ക് എഴുതി നൽകിയ വയോധികയെ പേരക്കുട്ടി ആക്രമിച്ചു; ദാരുണാന്ത്യം

പയ്യന്നൂർ: പേരക്കുട്ടിയുടെ മർദനമേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു. പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ മണിയറ വീട്ടിൽ കാർത്ത്യായനി അമ്മ (88) യാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്. മേയ് 11ന് ഉച്ചക്കാണ് കാർത്ത്യായനി അമ്മയുടെ മകൾ ലീലയുടെ മകൻ റിജു ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.

സ്വത്ത് വീതം വെച്ചച്ചോൾ ഇവരുടെ സംരക്ഷണ ചുമതലയേറ്റെടുത്തത് മകൾ ലീലയായിരുന്നു. അതിനാൽ കാർത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലക്ക് നൽകി. പിന്നീട് അവർ ആ വീട് വാടകക്ക് നൽകി, ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് കൂട്ടുകയും പരിചരിക്കാനായി ഹോം നഴ്സിനെ ഏർപ്പാടാക്കുകയും ചെയ്തു.റിജുവിൻ്റെ ഭാര്യ പ്രസവിച്ച ശേഷം ഇരട്ട കുട്ടികളുമായി ഇവർ വീട്ടിലെത്തിയതോടെ ഇവരെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിൻ്റെ പേരിൽ റിജു അക്രമിച്ചുവെന്നാണ് കേസ്.

ലീലയെ ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം തീവ്ര പരിചരണ വിഭാഗത്തിലും പിന്നീട് വെൻ്റിലേറ്ററിലേക്കും മാറ്റി. വീണ് പരിക്കേറ്റു എന്നായിരുന്നു വീട്ടുകാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇവരെ പരിചരിച്ചിരുന്ന ഹോം നഴ്സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണി രാമകൃഷ്ണൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

പരേതനായ പൂക്കുടി ചിണ്ടൻ ആണ് കാർത്ത്യായനി അമ്മയുടെ ഭർത്താവ്. മക്കൾ: ലീല, പരേതനായ ഗംഗാധരൻ. മരുമക്കൾ: ചന്ദ്രൻ, യമുന.

സഹോദരങ്ങൾ: പത്മനാഭൻ (റിട്ട. ഉദ്യോഗസ്ഥൻ പഞ്ചാബ് നാഷണൽ ബാങ്ക്), വേലായുധൻ (റിട്ട. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ), പരേതരായ കരുണാകരൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ), രാഘവൻ (റിട്ട. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ). മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Tags:    
News Summary - Grandmother dies after being brutally beaten by grandson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.