രാജ്ഭവനെ ഗവര്‍ണര്‍ ബി.ജെ.പി ക്യാമ്പ് ഓഫിസാക്കി മാറ്റുന്നു - ബിനോയ് വിശ്വം

തൃശൂർ: രാജ്ഭവനെ ബി.ജെ.പിയുടെ കേരളത്തിലെ ക്യാമ്പ് ഓഫിസാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ബിനോയ് വിശ്വം എം.പി പറഞ്ഞു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന വി.വി. രാഘവന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം പ്രഖ്യാപനങ്ങളിൽ ബി.ജെ.പി രാഷ്‌ട്രീയത്തിന്റെ വക്താവാകാനാണ് ഗവർണർ ശ്രമിക്കുന്നത്. അതിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ന്യായീകരിക്കുന്നു. ഇൻഡ്യ സഖ്യം ബി.ജെ.പി വാഴ്ചയ്ക്കെതിരായുള്ള രാഷ്‌ട്രീയ നീക്കങ്ങൾക്ക് എല്ലാവരെയും കൂട്ടിയിണക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബി.ജെ.പിയുമായി ചങ്ങാത്തം പിടിക്കാൻ ശ്രമിക്കുന്നു. ആ ബി.ജെ.പി രാഷ്ട്രീയത്തിന്റെ വക്താവാകാന്‍ ശ്രമിക്കുന്ന ഗവർണർക്കുവേണ്ടി അവര്‍ വക്കാലത്തു പറയുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തെ കളിപ്പാട്ടമാക്കിക്കൊണ്ട് ആര്‍.എസ്.എസുകാരെ അതിലേക്ക് ഓളിച്ചുകടത്താന്‍ ശ്രമിക്കുന്നത് സര്‍വകലാശാലയുടെ മഹത്വത്തെ അപായപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗാന്ധിയുടെ ഘാതകരായ ബി.ജെ.പിക്കുവേണ്ടി കേരളത്തിലെ കോൺഗ്രസ് ഗാന്ധിമൂല്യങ്ങളും നെഹ്റു മൂല്യങ്ങളും അടിയറ വെക്കുകയാണ്. ഗാന്ധിയുടെ മൂല്യങ്ങൾ മറന്നാൽ കേരളത്തിൽ കോൺഗ്രസിന്റെ പൊടിപോലും ബാക്കിയുണ്ടാകില്ല. കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. ഗാന്ധിയുടെ മൂല്യങ്ങളെ രക്ഷിക്കാന്‍ ബി.ജെ.പി- കോൺഗ്രസ് അവിശുദ്ധ ബന്ധം തകർക്കാനുള്ള സമരത്തിൽ സി.പി.ഐ ആശയപരമായും രാഷ്ട്രീയമായി പോരാടും. പ്രതിപക്ഷത്തെ മുഴുവന്‍ നിശബ്ദമാക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിനെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍, ദേശീയ കൗണ്‍സിലംഗങ്ങളായ കെ.പി. രാജേന്ദ്രന്‍, രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവംഗം സി.എന്‍. ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. വി.എസ്. സുനില്‍കുമാര്‍, ഷീല വിജയകുമാര്‍, രാകേഷ് കണിയാംപറമ്പില്‍, കെ.പി. സന്ദീപ്, ഷീന പറയങ്ങാട്ടില്‍, എന്‍.കെ. സുബ്രഹ്മണ്യന്‍, പി.കെ. കൃഷ്ണന്‍, ടി.കെ. സുധീഷ് എന്നിവര്‍ പങ്കെടുത്തു. പി. ബാലചന്ദ്രൻ എം.എൽ.എ സ്വാഗതവും ടി. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Governor turns Raj Bhavan into BJP camp office -Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.