ഓര്‍ഡിനന്‍സ് ഇല്ലാതാക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവർണർ ഒപ്പിട്ട‌ു, പൊലീസ് നിയമഭേഗതി ഇല്ലാതായി

തിരുവനന്തപുരം: വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി. ഗവര്‍ണര്‍ ഒപ്പിട്ട് നാലാംദിവസമാണ് കനത്ത പ്രതിഷേധങ്ങളെതുടർന്ന് പൊലീസ് നിയമഭേദഗതി പിന്‍വലിക്കേണ്ടിവന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയുകയാണ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതിനായി പൊലീസ് ആക്ട് ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. 

നിലവിലുള്ള പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്. ഈ മാസം 22നാണ് ഓർഡിനൻസ് പുറത്തിറങ്ങിയത്.

എന്നാൽ മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം സർക്കാർ പിൻവലിക്കാൻ തയ്യാറായത്. ഇതോടെ ഒരു പക്ഷെ ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ മറ്റൊരു ഓര്‍ഡിനന്‍സ് ഇറക്കുന്ന കേരളത്തില്‍ ആദ്യത്തെ സംഭവമായിരിക്കും ഇത്.

കരട് തയ്യാറാക്കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭിവച്ചതാണെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ശ്രീവാസ്തവക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിയമ ഭേദഗതി വിവാദമായ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്നും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

Tags:    
News Summary - governor signed new ordinence agaist police act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.