ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം നഗരത്തിൽ നടത്തിയ പ്രകടനം
കോഴിക്കോട്: ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കി സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയാണെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢനീക്കങ്ങളാണ് കുറച്ചുനാളായി ഗവർണറുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒടുവിലത്തെ സംഭവമാണ് അറിയിപ്പില്ലാതെ കോഴിക്കോട് നഗരത്തിൽ നടത്തിയ നാടകം. ഗെസ്റ്റ് ഹൗസിൽ സംഘ്പരിവാർ നേതൃത്വവുമായി ചർച്ച നടത്തി. അത് സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്ന് വെളിപ്പെട്ടു.
സംസ്ഥാനത്തെ പ്രധാന നഗരമായ കോഴിക്കോട് ബോധപൂർവം പ്രശ്നം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, ഗവർണർക്ക് മനസ്സിലായിട്ടുണ്ടാകും സുരക്ഷിത നഗരമാണെന്ന്. കേരളത്തിലല്ലാതെ ഗവർണറുടെ സ്വന്തം നാട്ടിൽപോലും ഇങ്ങനെ ഇറങ്ങിനടക്കാൻ പറ്റുമോയെന്നും പാർട്ടി സെക്രട്ടറി ചോദിച്ചു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മുദ്രാവാക്യവുമായാണ് അദ്ദേഹം വന്നത്. മാന്യമായിട്ടാണ് കോഴിക്കോട് പ്രതികരിച്ചത്. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പുക പടർത്താൻ ശ്രമിച്ചപ്പോൾ വ്യാപാരികളും നാട്ടുകാരും ഹൽവ നൽകി മാന്യമായി സ്വീകരിച്ചു. പ്രോട്ടോകോൾ ലംഘിച്ച് നടത്തിയ നാടകത്തിന്റെ രക്തസാക്ഷിയാണ് കുഴഞ്ഞുവീണ് മരിച്ചയാൾ. ഗതാഗത സ്തംഭനംമൂലം യഥാസമയം ആശുപത്രിയിൽ എത്തിക്കാനായില്ല. മരണത്തിന്റെ ഉത്തരവാദിത്തം ഗവർണർ ഏറ്റെടുക്കണമെന്നും നാടകത്തിന് നേതൃത്വം കൊടുക്കുന്ന സംഘ് പരിവാർ ജനങ്ങളോട് മാപ്പുപറയണമെന്നും പി. മോഹനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.