കൊച്ചി: മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാറുമായുള്ള തർക്കങ്ങൾ കോടതി കയറിയപ്പോൾ അഭിഭാഷകർക്കായി പൊതുഖജനാവിൽനിന്ന് ചെലവഴിച്ചത് ലക്ഷങ്ങൾ. 2016 മുതൽ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന്റെ പേരിലെ വ്യവഹാരങ്ങളിൽ സുപ്രീംകോടതിയിൽ കേരള സർക്കാറിന് വേണ്ടി ഹാജരായ പുറമെനിന്നുള്ള അഭിഭാഷകർക്കായി 74.7 ലക്ഷം രൂപയാണ് നൽകിയത്. ഹൈകോടതിയിൽ സർക്കാർ അഭിഭാഷകരാണ് ഹാജരായത്. 2022ൽ ഹാജരായ ജയ്ദീപ് ഗുപ്തക്ക് 1.1ലക്ഷം. കെ.കെ. വേണുഗോപാലിന് 7.5 ലക്ഷം. 2023ൽ കെ.കെ. വേണുഗോപാലിന് 65 ലക്ഷം. 2024ൽ ജയ്ദീപ് ഗുപ്തക്ക് 1.1ലക്ഷം എന്നിങ്ങനെയാണ് നൽകിയത്. കൊച്ചിയിലെ എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം അഡ്വക്കറ്റ് ജനറൽ ഓഫിസിൽനിന്ന് ലഭിച്ച മറുപടിയിലാണ് കണക്കുകളുള്ളത്.
അതേസമയം, ഈ വിവരങ്ങൾ ചോദിച്ച് നൽകിയ അപേക്ഷക്ക് വിവരം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന മറുപടിയാണ് രാജ്ഭവൻ നൽകിയത്. നിയമോപദേശങ്ങൾക്ക് നൽകിയ ഫീസ് വിവരങ്ങളെക്കുറിച്ചും ഇതേ മറുപടി തന്നെ.
മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി സ്കൂൾ അധ്യാപക നിയമനത്തിന് പണം വാങ്ങിയെന്ന ആരോപണത്തെ സംബന്ധിച്ച കേസ് നടത്താൻ സുപ്രീംകോടതിയിൽ ഹാജരായ നീരജ് കിഷൻ കൗളിന് 11 ലക്ഷം രൂപയാണ് നൽകിയത്. 138 അഭിഭാഷകർ സംസ്ഥാന സർക്കാറിനുള്ളപ്പോഴാണ് കേസുകൾ വാദിക്കാൻ പുറമെ നിന്നുള്ളവരെ എത്തിക്കുന്നത്. സർക്കാർ അഭിഭാഷകർക്ക് പ്രതിമാസം 1.55 കോടി രൂപ ശമ്പളം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.