തിരുവനന്തപുരം: ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള സംഘർഷം മുറുകവേ, എട്ട് വി.സിമാരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടിയുമായി രാജ്ഭവൻ. നിയമനം അസാധുവാണെന്ന് കാട്ടി, നിയമിച്ച ദിവസം മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് നീക്കം. ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടൻ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് വിവരം.
വി.സിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ നീക്കം. കാരണം കാണിക്കാനുള്ള സമയം നാളെ അവസാനിക്കുമെന്ന് ഓര്‍മിപ്പിച്ച് ഗവർണർ വി.സിമാർക്ക് വീണ്ടും കത്ത് നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാറിനെതിരെ നിരന്തരം നീക്കം നടത്തുന്ന ഗവർണർക്കെതിരെ എൽ.ഡി.എഫ് പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 15ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ പരിപാടി നടക്കും. നവംബര്‍ 3 മുതല്‍ 12 വരെ ക്യാമ്പസുകളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. 15ന് രാജ്ഭവന്‍റെ മുന്നില്‍ ചുരുങ്ങിയത് ഒരുലക്ഷം പേർ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധവുമാണ് സംഘടിപ്പിക്കുന്നത്.
ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസിനു മറുപടിനല്‍കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഏഴ് വി.സി മാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വി.സിമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ഒക്ടോബർ 23നാണ് സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടത്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലർ നിയമനം യു.ജി.സി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് മറ്റ് സർവകലാശാല വി.സിമാരുടെ നിയമനത്തിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവർണർ രാജി ആവശ്യപ്പെട്ടത്. എന്നാൽ, വി.സിമാർ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് അവർക്ക് കാരണംകാണിക്കല്‍ നോട്ടീസിനു മറുപടിനല്‍കുന്നത് വരെ സ്ഥാനത്ത് തുടരാമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.