അബ്ദുൽ മജീദ്
മലപ്പുറം: ആഗ്രഹിച്ച സർക്കാർ ജോലിക്ക് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ മജീദിന് അഡ്വൈസ് മെമ്മോ കിട്ടിയത് 60 വയസ്സ് പൂർത്തിയാകുന്നതിന് ഒരു മാസം മുമ്പ്. വൈകിയെത്തിയ സർക്കാർ നിയമനം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടുന്ന ആധിയിലാണിപ്പോൾ അദ്ദേഹം. കാളികാവ് പഞ്ചായത്ത് അഞ്ചച്ചവിടി പൂച്ചപ്പൊയിൽ മൂച്ചിക്കൽ അബ്ദുൽ മജീദിന് ഔദ്യോഗിക രേഖയനുസരിച്ച് ബുധനാഴ്ച 60 വയസ്സ് പിന്നിട്ടു. ഏപ്രിൽ 22നാണ് ഇദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പിൽ തൃശൂർ ജില്ലയിൽ എൽ.പി സ്കൂൾ പാർട്ട് ടൈം അറബിക് അധ്യാപകനായി നിയമനത്തിനുള്ള അഡ്വൈസ് മെമ്മോ കിട്ടുന്നത്. എന്നാൽ, വേനലവധിയായതിനാൽ നിയമന ഉത്തരവും നിയമനവും ലഭിക്കാതെ ഒരു മാസം പിന്നിട്ടപ്പോൾ സർവിസിനുള്ള പ്രായപരിധിയും കഴിഞ്ഞു. ഇനി, ജൂണിൽ സ്കൂൾ തുറന്ന ശേഷം നിയമന ഉത്തരവ് ലഭിച്ചാലും വയസ് 60 കഴിഞ്ഞതിനാൽ സർവിസിൽ കയറാനാകില്ല. നേരത്തെതന്നെ നിയമനം ലഭിക്കുമായിരുന്ന അവസരം പി.എസ്.സിയുടെ അനാസ്ഥ കാരണം നഷ്ടമായെന്ന് കാണിച്ച് പരാതി നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം.
229/2005 കാറ്റഗറി നമ്പറായി പി.എസ്.സി നടത്തിയ പരീക്ഷയിൽ 12ാം റാങ്കുകാരനായിരുന്നു അബ്ദുൽ മജീദ്. ഒ.ബി.സി ക്വാട്ടയിൽ മാറ്റിവെച്ച ഒഴിവിൽ ഉദ്യോഗാർഥി ഇല്ലാത്തതിനാൽ പിന്നീട് ഈഴവ ക്വാട്ടയിലേക്ക് ഒഴിവ് പരിഗണിക്കുകയായിരുന്നു. പലതവണ എൻ.സി.എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർഥിയെ കിട്ടാത്തതിനാൽ പിന്നീട് മുസ്ലിം റൊട്ടേഷനിലേക്ക് മാറ്റി. ഈ പ്രക്രിയകൾ പൂർത്തിയാക്കാൻ പി.എസ്.സി വർഷങ്ങളെടുത്തതാണ് അബ്ദുൽ മജീദിന് വിനയായത്.
പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് നാല് വർഷത്തിനുശേഷമാണ് ശിപാർശകത്ത് അയച്ചിരിക്കുന്നത്. നോൺ ജോയിനിങ് ഡ്യൂട്ടീസ് വേക്കൻസി ആയാണ് നിയമനത്തിനുള്ള ശിപാർശകത്ത് വന്നത്. 2025-26 അധ്യയനവർഷം തീരുന്നതിന് മുമ്പെങ്കിലും ശിപാർശകത്ത് കിട്ടിയിരുന്നെങ്കിൽ നിയമനം കിട്ടുമായിരുന്നു. കുറഞ്ഞ ദിവസമെങ്കിലും സർക്കാർ സർവിസിൽ ജോലിചെയ്യാമെന്ന ആഗ്രഹംപോലും സഫലമാകാത്ത സങ്കടത്തിലാണ് അദ്ദേഹം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് അനുസരിച്ച് 1966 മേയ് 27 ആണ് അബ്ദുൽ മജീദിന്റെ ജനനതീയതി. ശരിയായ ജനനതീയതി 1967 മേയ് 27നാണെന്നും സ്കൂളിൽ ചേർക്കുമ്പോഴുണ്ടായ അബദ്ധമാണെന്നും അദ്ദേഹം പറയുന്നു. ഇത് ശരിയാക്കുന്നതിനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് മന്ത്രിമാർക്കടക്കം നിവേദനം നൽകാൻ ഒരുങ്ങുന്നത്. വർഷങ്ങളോളം വണ്ടൂർ വനിത ഇസ്ലാമിയ കോളജിൽ അധ്യാപകനായിരുന്നു അബ്ദുൽ മജീദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.