നികുതി കുറയ്ക്കാതെ സര്‍ക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചപ്പോള്‍ കേരളത്തില്‍ ആനുപാതികമായി നികുതിയില്‍ കുറവുണ്ടായതിനെ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചു എന്ന മട്ടില്‍ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുസര്‍ക്കാര്‍ നികുതിയില്‍ നയപൈസയുടെ ഇളവ് വരുത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് ജനങ്ങള്‍ക്കു നല്കിയത്. ഈ മാതൃകയാണ് ഇടതുസര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. യുഡിഎഫ് അധികാരം വിട്ട 2016 മെയ്മാസം പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഇപ്പോഴത് യഥാക്രമം 105.76, 94.69 രൂപയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഉയര്‍ന്ന വിലയുടെ കാരണം.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് 27.90 രൂപയായും ഡീസലിന് 3.65 രൂപയായിരുന്നത് 21.80 രൂപയുമായും കുത്തനെ ഉയര്‍ത്തിയിട്ടാണ് ഇപ്പോള്‍ നാമമാത്രമായ ആശ്വാസം നല്കിയത്.

ഇന്ധനവില നിയന്ത്രണത്തിന് യു.പി.എ, യു.ഡി.എഫ് സര്‍ക്കാറുകളെ മാതൃകയാക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Tags:    
News Summary - government is spreading lies without reducing taxes says Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.