തിരുവനന്തപുരം: ജല വൈദ്യുതി പദ്ധതികളെ ആശ്രയിച്ചിരുന്ന നാളുകൾക്ക് മാറ്റംവരുന്നു. ഊർജ മേഖലയിൽ സോളാർ പദ്ധതികൾക്ക് പ്രധാന്യം നൽകാൻ ലക്ഷ്യമിടുകയാണെന്ന് വ്യക്തമാക്കുന്നതാണ് സർക്കാറിന്റെ നയപ്രഖ്യാപനം. ജലസംഭരണികളും ജലാശയങ്ങളും ഉൾപ്പെടുത്തി ‘ഫ്ലോട്ടിങ് സോളാർ’ പദ്ധതികൾ വ്യാപിക്കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. 6000 മെഗാവാട്ടാണ് ഇതുവഴി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. അധികം ഭൂമി ഏറ്റെടുക്കാതെ നിലവിലെ ജലസംഭരണികൾ ഉപയോഗിച്ച് സൗരോർജാധിഷ്ഠിത പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കി 8000 മെഗാവാട്ട് ഉൽപാദിപ്പിക്കാനും പദ്ധതി തയാറാക്കും.
2040ഓടെ നൂറുശതമാനവും പുനുരുപയോഗ ഊർജം ഉപയോഗിക്കുന്ന സംസ്ഥാനമെന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. ഫ്ലോട്ടിങ് സോളാർ എനർജി നയം, ഹരിത ഹൈഡ്രജൻ നയം, പമ്പ്ഡ് സ്റ്റോറേജ് ഊർജനയം എന്നിവ സർക്കാർ പരിഗണനയിലാണ്. ഊർജ വകുപ്പിന് പുറമേ ജലവിഭവ വകുപ്പും സൗരോർജ പദ്ധതികളിലേക്ക് കടക്കും. റൂഫ് ടോപ് രീതിയിൽ കനാലുകളിലും വകുപ്പിന്റെ ആസ്തികളിലും സോളാർ പാനലുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. 1000 മെഗാവാട്ട് വൈദ്യുതോൽപാദനമാണ് ലക്ഷ്യമിടുന്നത്. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയാണ് ഇതിനായി സ്വീകരിക്കുക.
പരിസ്ഥിതി സൗഹൃദ ജലാഗതാഗതം ഒരുക്കാൻ സോളാർ സാധ്യതകൾ പ്രയോജനപ്പെടുത്തും. യാനങ്ങൾ സൗരോർജത്തിലേക്ക് മാറ്റാനാണ് പദ്ധതി. ഉൾനാടൻ വിനോദ സഞ്ചാര മേഖലക്കും സോളാർ ഊർജം ഉപയോഗിച്ച് സർവിസ് നടത്തുന്ന ബോട്ടുകൾ പ്രയോജനപ്പെടുത്താനാകും. കൊല്ലം വെസ്റ്റ് കല്ലടയിലെ ചതുപ്പ് പ്രദേശത്ത് നടപ്പാക്കുന്ന ഫ്ലോട്ടിങ് സോളാർ പദ്ധതിയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് കൂടുതൽ മേഖലകളിൽ സമാനമായ സാധ്യതകൾ പരിശോധിക്കുന്നത്. ഇതോടൊപ്പം ഹരിത ഹൈഡ്രജൻ ഉൽപാദന മേഖലയിലെ വികസനം ലക്ഷ്യമിട്ട് മാർച്ചിൽ കൊച്ചിയിൽ ആഗോള ഹരിത ഹൈഡ്രജൻ-റിന്യൂവബിൾ എനർജി ഉച്ചകോടി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.