സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡി.എ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍ ലഭിക്കും; 20 മുതൽ ക്ഷേമപെൻഷൻ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ധിപ്പിച്ച ഡി.എ അടക്കമുള്ള ശമ്പളവും പെന്‍ഷനും ഇന്നുമുതല്‍ നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ നാല് ശതമാനം ഡി.എ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളമാണ് ഇന്നുമുതൽ ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ഫുള്‍ ടൈം പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, സര്‍വീസ്, കുടുംബ, എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്കെല്ലാം വര്‍ധന ബാധകമാണ്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും ഇന്നു മുതല്‍ ലഭിക്കും.

മുന്‍കൂട്ടി ശമ്പളബില്ലുകള്‍ സമര്‍പ്പിച്ച ഡി.ഡി.ഒമാരോട് ഇവ തിരിച്ചെടുത്തിട്ട് പുതിയ ബില്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലുകള്‍ ട്രഷറി പാസാക്കിക്കഴിഞ്ഞെങ്കില്‍ നാല് ശതമാനം ഡി.എ ആദ്യ ആഴ്ച തന്നെ അക്കൗണ്ടില്‍ പ്രത്യേകം നിക്ഷേപിക്കും. ഒക്ടോബര്‍ മാസത്തെ ശമ്പളത്തില്‍ ഡി.എ വര്‍ധിപ്പിക്കുമ്പോള്‍ നവംബര്‍ മാസത്തെ പെന്‍ഷനിലാണ് ഡി.ആര്‍ വര്‍ധന. ഇത് ഒരു മാസത്തെ ഡിആർ നഷ്ടപ്പെടുത്തും എന്ന പരാതിയുമായി പെൻഷൻകാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിവക്ക് കീഴിലെ അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ/ഡി.ആര്‍ 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമാക്കിയും ഉത്തരവിറക്കി.

2000 രൂപ ക്ഷേമ പെന്‍ഷനൊപ്പം ഒരു മാസത്തെ കുടിശിക കൂടി ഈ മാസം തന്നെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ മാസവും 25ന് ആണ് പെന്‍ഷന്‍ വിതരണം ആരംഭിക്കുന്നതെങ്കില്‍ ഈ മാസം പെന്‍ഷനും ഒരു മാസത്തെ കുടിശികയും ചേര്‍ത്ത് 3600 രൂപ 20നു വിതരണം ചെയ്തു തുടങ്ങാന്‍ ധനവകുപ്പ് നിര്‍ദേശിച്ചു. 

Tags:    
News Summary - Government employees will receive salary including increased DA from today; welfare pension from 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.