തിരുവനന്തപുരം: സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കിടയിൽ മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയ മുൻ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിനെ തിരിച്ചെടുത്തത് മിന്നൽ വേഗത്തിൽ. സസ്പെഷൻഷനിലായി രണ്ടുമാസം തികയുംമുമ്പാണ് നടപടി പിൻവലിച്ചത്. മതസ്പർധ വളർത്തുന്ന ഗുരുതര കുറ്റമാണ് മുതിർന്ന ഉദ്യോഗസ്ഥനിൽനിന്നുണ്ടായത്. ഇതേക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി ഇക്കാര്യം റിപ്പോർട്ട് ചെയ്തതുമാണ്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. എന്നാൽ, പിന്നീട് നടപടികളൊന്നുമുണ്ടായില്ല.
ഗോപാലകൃഷ്ണന്‍റെ ഫോണിൽ നിന്നാണ് മതാടിസ്ഥാനത്തിൽ ഗ്രൂപ്പുണ്ടാക്കിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഹിന്ദു മല്ലു ഓഫിസേഴ്സ് ഗ്രൂപ്. ഇത് വിവാദമായതോടെ ഗ്രൂപ് ഡിലീറ്റ് ചെയ്ത് തൊട്ടടുത്ത ദിവസം മുസ്ലിം മതവിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മല്ലു മുസ്ലിം ഓഫിസേഴ്സ് എന്ന മറ്റൊരു ഗ്രൂപ്പും ഉണ്ടാക്കി. ഫോൺ ഹാക്ക് ചെയ്ത് തന്‍റെ ഫോണിലെ നമ്പറുകൾ 11 വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ വിശദീകരണം. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഉദ്യോഗസ്ഥർക്കിടയിൽ വർഗീയ ചേരിതിരിവും ഭിന്നതയും അനൈക്യവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണ് ഗോപാലകൃഷ്ണൻ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയതെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി സസ്പെൻഷൻ ഉത്തരവിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാൽ, പൊലീസ് കേസെടുത്തില്ല. വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയ ആരുടെയെങ്കിലും പരാതിയില്ലാതെ കേസെടുക്കാനാവില്ലെന്ന വിചിത്ര നിലപാടിലാണ് പൊലീസ്. വിവാദ ഗ്രൂപ്പിൽ ഉൾപ്പെട്ട ഐ.എ.എസുകാർ പരാതി നൽകാൻ തയാറായില്ല. കോൺഗ്രസ് നൽകിയ പരാതിയാകട്ടെ പൊലീസ് പരിഗണിച്ചുമില്ല. തനിക്കെതിരെ കേസൊന്നുമില്ലെന്നും നിരപരാധിയാണെന്നും കാട്ടി ഗോപാലകൃഷ്ണൻ നൽകിയ കത്ത് പരിഗണിച്ചാണ് സർക്കാർ സസ്പെൻഷൻ പിൻവലിച്ചത്.
സമുദായ സൗഹാർദം തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കേണ്ടതാണ്. എന്നാൽ, ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയിട്ടും ഗോപാലകൃഷ്ണനെതിരെ കേസ് വേണ്ടെന്ന സർക്കാർ നിലപാടിൽ വ്യാപക വിമർശനമുണ്ട്. പൊലീസിന് വ്യാജപരാതി നൽകുന്നത് ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തന്‍റെ ഫോൺ ഹാക്ക് ചെയ്തുവെന്ന ഗോപാലകൃഷ്ണന്‍റെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതുമാണ്. പൊലീസിൽ ഹാജരാക്കുന്നതിന് മുമ്പ് സ്വന്തം മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തത് തെളിവ് നശിപ്പിക്കലാണ്. ഈ കുറ്റങ്ങളിലും ഗോപാലകൃഷ്ണനെതിരെ പൊലീസ് ഒന്നും ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.