കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് സംഘം കരിപ്പൂർ വിമാനത്താവളത്തിലെത്തിയെന്ന് കസ്റ്റംസ്. സ്വർണം തട്ടിയെടുക്കാൻ അർജുൻ ആയങ്കിയുടെയും സുഫിയാെൻറയും സംഘത്തിന് പുറമെ മറ്റൊരു കൂട്ടർകൂടി എത്തിയതായി ഒന്നാം പ്രതി മുഹമ്മദ് െഷഫീഖ് മേലേതിലാണ് വെളിപ്പെടുത്തിയത്.
കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം തിരികെ ഹാജരാക്കിയ ഇയാളെ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
മഞ്ചേരി ജയിലിൽവെച്ച് തനിക്ക് വധഭീഷണി നേരിട്ടതായി അറിയിച്ചതിനെത്തുടർന്ന് കാക്കനാട് ജയിലിലേക്കാണ് അയച്ചത്. ചെർപ്പുളശ്ശേരി സംഘമാണ് ജയിലിൽ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയയാളെ ഫോട്ടോ കണ്ട് ഷെഫീഖ് തിരിച്ചറിഞ്ഞതായി കസ്റ്റംസ് അറിയിച്ചു.
അതേസമയം, സുഫിയാെൻറ സംഘത്തിനുവേണ്ടി കൊണ്ടുവന്ന സ്വർണം തനിക്ക് കൈമാറിയാൽ ടി.പി വധക്കേസ് പ്രതികൾ സംരക്ഷണം നൽകുമെന്ന് അർജുൻ പറഞ്ഞതായും ഷെഫീഖ് വെളിപ്പെടുത്തി. ഷാഫിയുടെയും കൊടി സുനിയുടെയും സംരക്ഷണയിൽ സ്വർണം കൊണ്ടുപോകാൻ കഴിയുമെന്നും അർജുൻ പറഞ്ഞിരുന്നു.
എല്ലാ സ്വർണക്കടത്ത് സംഘങ്ങൾക്കും ഒറ്റുകാരുണ്ടായിരുെന്നന്ന് അന്വേഷണത്തിൽ വെളിപ്പെട്ടതായി കസ്റ്റംസ് ബോധിപ്പിച്ചു. ഒറ്റുകാർ നൽകുന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ സംഘങ്ങൾ കുറ്റവാളികളെ വിന്യസിക്കുകയും കാരിയറെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കുകയുമാണ് രീതി. ഇത്തരം തട്ടിക്കൊണ്ടുപോകൽ, ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണവുമായി പ്രതി പൂർണമായി സഹകരിക്കുകയും നിരവധി വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. സ്വർണക്കടത്തിന് പിന്നിലെ കൊടുവള്ളി, കോഴിക്കോട്, കണ്ണൂർ സംഘങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. സ്വർണം തട്ടിയെടുക്കാനും ഹവാല ചാനലുകൾ വഴി ഇവ വിൽക്കാനും ഗുണ്ടാസംഘങ്ങൾ സംഘത്തിനകത്ത് പ്രവർത്തിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വർണം തട്ടിയെടുക്കാൻ കരിപ്പൂരിലെത്തിയ മൂന്നാമത്തെ സംഘത്തിന് നേതൃത്വം നൽകിയതെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി യൂസഫിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.