തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും പിഴവുകളാണ് ശബരിമലയിലെ സ്വർണം നഷ്ടമാക്കിയതെന്ന് വ്യക്തമാക്കി ദേവസ്വം ചീഫ് വിജിലൻസ് ഓഫിസർ വി. സുനിൽകുമാർ ഹൈകോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ‘അമ്പലക്കള്ളൻ’. ശ്രീകോവിൽ കട്ടിളയിലെ മുമ്പ് സ്വർണം പൂശിയ ചെമ്പുപാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ എക്സിക്യൂട്ടിവ് ഓഫിസർ 2019 ഫെബ്രുവരിയിൽ ദേവസ്വം കമീഷണർക്ക് ശിപാർശ അയച്ചതുമുതൽ പോറ്റിയുമായി ബന്ധപ്പെട്ട ദുരൂഹതകളും ഗൂഢാലോചനകളും പ്രകടമാണ്. സ്വർണം പൂശിയ ചെമ്പുപാളി എന്നതൊഴിവാക്കി ചെമ്പുപാളികൾ എന്ന് മാത്രമാക്കി കമീഷണർ ബോർഡിന് ശിപാർശ നൽകിയതാണ് എറ്റവും വലിയ തട്ടിപ്പ്.
ചെമ്പുപാളികൾ പോറ്റിക്ക് കൈമാറാനും സ്വർണം പൂശി ഉദ്യോഗസ്ഥ സാന്നിധ്യത്തിൽ ഘടിപ്പിക്കാനും ബോർഡ് യോഗം അനുവാദം നൽകിയതും ദുരൂഹമാണ്. ദേവസ്വം സ്വത്ത് സ്വകാര്യ വ്യക്തി പുറത്തുകൊണ്ടുപോകുന്നത് ദേവസ്വം മാന്വലിനുതന്നെ വിരുദ്ധമാണെന്നിരിക്കെ ഇതെങ്ങനെ സംഭവിച്ചു എന്നാണ് ഉയരുന്ന ചോദ്യം. 2019 മേയ് 18ന് തിരുവാഭരണ കമീഷണറുടെ നേതൃത്വത്തിൽ മഹസർ തയാറാക്കി പാളികളുടെ തൂക്കം 42.10 കിലോ കണക്കാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. പാളികൾ സ്മാർട്ട് ക്രിയേഷനിൽനിന്ന് സ്വർണം പൂശി സ്ഥാപിച്ചെങ്കിലും അതിന് മഹസറില്ലാതായതും ഒത്തുകളിയുടെ തെളിവാണ്. സ്മാർട്ട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് ദണ്ഡാരിയുടെ മൊഴിയും പോറ്റിക്കെതിരാണ്. കട്ടിളപ്പാളികളിൽനിന്ന് 409 ഗ്രാമും ദ്വാരപാലക ശിൽപങ്ങളിൽനിന്ന് 577 ഗ്രാമും സ്വർണം വേർതിരിച്ചു. ഇതും പോറ്റി നൽകിയ മൂന്നുഗ്രാമും ഉൾപ്പെടെ സ്വർണത്തിൽനിന്ന് ചെലവുകൾ കഴിച്ച് ബാക്കി 474.9 ഗ്രാം സ്വർണം കട്ടയാക്കി. പോറ്റിക്കുവേണ്ടി സുഹൃത്ത് കൽപേഷാണ് ഇത് കൈപ്പറ്റിയത് എന്നതും പോറ്റിയുടെ സ്വർണക്കൊള്ള ശരിവെക്കുന്നതാണ്.
സ്പോൺസർഷിപ്പിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ചെയ്ത പല കാര്യങ്ങളിലും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി. കേടായ വാതിൽ മാറ്റി പുതിയത് നിർമിച്ച് സ്വർണം പൂശി നൽകിയതിന്റെ സ്പോൺസർ കർണാടക ബെല്ലാരി സ്വദേശി ഗോവർധനും ശ്രീകോവിലിന്റെ കട്ടിളയിൽ പൊതിഞ്ഞ ചെമ്പുപാളി സ്വർണം പൂശിയതിന്റെ സ്പോൺസർ മലയാളിയും ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ അജി കുമാറുമാണ്. ഇതെല്ലാം സ്വന്തം വകയെന്നാണ് പോറ്റി ദേവസ്വം അധികൃതരോട് പറഞ്ഞത്. അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയാൻ പത്തുലക്ഷം രൂപ, അന്നദാനത്തിന് ആറുലക്ഷം രൂപ, മകരവിളക്കിനോടനുബന്ധിച്ച് പത്തുലക്ഷം രൂപ, 2017ൽ 8,20,000 രൂപയുടെ ചെക്കും 17 ടൺ അരിയും 30 ടൺ പച്ചക്കറിയും എന്നിവയെല്ലാം നൽകിയപ്പോഴും പതിനെട്ടാം പടിക്കിരുവശത്തും മണിമണ്ഡപവും മണികളും നിർമിച്ചപ്പോഴും മറ്റു പലരിൽനിന്ന് വൻതുക കൈപ്പറ്റി പോറ്റി സാമ്പത്തിക നേട്ടമുണ്ടാക്കി.
പോറ്റിയുടെ 2017 മുതൽ 2025 വരെയുള്ള ആദായ നികുതി റിട്ടേൺ ചാർട്ടേഡ് അക്കൗണ്ടൻറ് മുഖേന പരിശോധിച്ചതിൽ ബിസിനസ് മുഖേനയോ മറ്റു വഴിയോ സ്ഥിരവരുമാനം ഉള്ളതായി കാണുന്നില്ല. 2025-26 കാലഘട്ടത്തിൽ കാമാക്ഷി എൻറർ പ്രൈസസിന്റെ പേരിൽ ദുരൂഹമായി 10,65,150 രൂപ അക്കൗണ്ടിൽ വന്നതായും വിജിലൻസ് കണ്ടെത്തി.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് വീണ്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് സന്നിധാനത്ത് രേഖകൾ വിശദമായി പരിശോധിക്കുന്നത്. എക്സിക്യൂട്ടിവ് ഓഫിസിലെ ഫയലുകൾ കേന്ദ്രീകരിച്ചാണ് വിവരശേഖരണം. വെള്ളിയാഴ്ച തുലാമാസ പൂജകൾക്കായി നട തുറക്കുന്നതിനാൽ ഇതിനുമുമ്പ് ചെന്നൈ സ്മാർട്ട്സ് ക്രിയേഷൻസിൽനിന്ന് ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാൻ ലക്ഷ്യമിട്ടാണ് സംഘം വീണ്ടും എത്തിയതെന്നാണ് സൂചന.
വിജയ് മല്യയുടെ കാലത്ത് സ്വർണം പൊതിഞ്ഞ രേഖകളും ഇവർ പരിശോധിക്കുന്നുണ്ട്. അന്ന് ഉപയോഗിച്ച സ്വർണം, വെള്ളി എന്നിവയുടെ കണക്കുകളും ഒത്തുനോക്കിയതായാണ് സൂചന. കഴിഞ്ഞദിവസം വിജയ് മല്യക്കായി സന്നിധാനത്ത് പണികൾ നടത്തിയ ചെന്നൈ മൈലാപ്പൂരിലെ ജെ.എൻ.ആർ ജ്വല്ലറിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
ശബരിമലയിൽനിന്ന് കവർന്ന രണ്ടുകിലോയോളം സ്വർണം ബംഗളൂരു സ്വദേശി കൽപേഷിന്റെ കൈയിലാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. സ്വർണപ്പാളികളിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടതനുസരിച്ച് കൽപേഷിന് കൈമാറിയെന്നാണ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. ഇത് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും തട്ടിപ്പിൽ കൽപേഷിന്റെ പങ്ക് ഉറപ്പിച്ചാണ് സംഘം മുന്നോട്ടുനീങ്ങുന്നത്. അന്വേഷണസംഘങ്ങളിലൊന്ന് കൽപേഷിന്റെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെയും ഉടൻ കസ്റ്റഡിയിലെടുക്കും. നഷ്ടമായ സ്വർണം കണ്ടെടുത്തശേഷമാകും പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുക. ഇതിനുശേഷമാകും ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്ക് പരിശോധിക്കുക. ഇതിനിടെ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിൽനിന്ന് അന്വേഷണസംഘം വിവരം തേടുമെന്ന് സൂചനയുണ്ട്.
അതിനിടെ, സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസിൽനിന്ന് അന്വേഷണസംഘം വീണ്ടും വിവരങ്ങൾ ശേഖരിച്ചു. ഇവർ നേരത്തേ നൽകിയ മൊഴി ആവർത്തിക്കുകയാണ്. തട്ടിപ്പിന് ഇവരുടെ സഹായം ലഭിച്ചതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇവരുടെ ഹൈദരാബാദിലുള്ള സ്ഥാപനത്തിന്റെ സഹായത്തോടെ സ്വർണം ഉരുക്കിയതാകാമെന്നാണ് വിലയിരുത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യംചെയ്യുന്നതിലൂടെ ഇതിൽ വ്യക്തത വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.