മുഹമ്മദ് റമീസ്, മുഹമ്മദ് മുസ്തഫ, ഉവൈസ്
സ്വർണം കാപ്സ്യൂൾ രൂപത്തിൽ, കസ്റ്റംസ് പരിശോധനയിൽ ഒന്നുമില്ല; കണ്ടെത്തിയത് ആശുപത്രിയിലെ എക്സ് റേയിൽ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ വീണ്ടും ശ്രമം. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് കാപ്സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കരിപ്പൂര്‍ പൊലീസ് പിടികൂടി.
1.039 കിലോഗ്രാം സ്വര്‍ണമാണ് വിദഗ്ധ പരിശോധനയിലൂടെ കണ്ടെടുത്തത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ ദുബൈയില്‍ നിന്നെത്തിയ വാഴക്കാട് കരിമ്പനംകുഴി മുഹമ്മദ് റമീസ് (29), ഇയാളെ സ്വീകരിക്കാനെത്തിയ കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളി മുഹമ്മദ് മുസ്തഫ (36), കുന്നമംഗലം കിഴക്കന്‍ ചാലില്‍ ഉവൈസ് (33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച കാറും, റമീസ് ഒളിപ്പിച്ച് കടത്തിയ സ്വര്‍ണമിശ്രിതവും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നീക്കം.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ റമീസ് ശരീരത്തിനകത്ത് ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്താനായിരുന്നില്ല. വിമാനത്താവളത്തിന് പുറത്തു കാത്തുനിന്ന പൊലീസ് സംഘം മൂന്നു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്ത് പുറത്തായത്.
റമീസിനെ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സ് റേ പരിശോധനയില്‍ നാല് കാപ്സ്യൂളുകളായി ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് സമാനരീതിയിൽ പൊലീസ് സ്വർണക്കടത്ത് പിടികൂടിയ രണ്ടാമത്തെ സംഭവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.