എറണാകുളം: ശബരിമല അയ്യപ്പന്റെ സ്വർണം അടിച്ചുമാറ്റിയെന്നും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതൻ അല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മലയാളത്തിലാണ് നിർമല സീതാരാമൻ സംസാരിച്ചത്. കൊച്ചിയിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് നിർമല സീതാരാമൻ വിമർശനം ഉന്നയിച്ചത്. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ച് കേരളത്തിലെ സാമ്പത്തിക അവസ്ഥ മോശം അവസ്ഥയിലാക്കി.
വ്യവസായ മേഖലയാകെ തകർന്നു കിടക്കുകയാണ്. സംരഭകർ കേരളത്തിൽ നിൽക്കുന്നില്ല. അതിനുദാഹരണമാണ് സാബു എം. ജേക്കബ്. തൊഴിൽ മേഖലകൾ ഉണ്ടാകുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. സി.പി.എം അംഗത്വമുള്ളവർക്ക് മാത്രമാണ് അവസരങ്ങൾ ലഭിക്കുന്നത്. തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച ആശുപത്രിക്ക് അനുമതി നൽകിയിട്ടില്ല. നീതി അയോഗിന്റെ പഠനത്തിൽ കേരളത്തിൽ പണപ്പെരുപ്പം കുടുന്നു. കേരളത്തിൽ കടം വേഗത്തിൽ കൂടുന്ന സ്ഥലമായി മാറിയെന്നും നിർമല സീതാരാമൻ പറഞ്ഞു. അതേസമയം, ജിബി പാത്തിക്കലിന്റെ റോഡ് ഷോയാണ് ആദ്യത്തെ പരിപാടി.
കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തിരുവല്ലയിൽ എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പനെ പ്രണമിച്ചും മലയാളത്തിൽ സദസിനെ അഭിസംബോധന ചെയ്തുമാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തന്നോടൊപ്പം വർഷങ്ങളായുള്ള അനൂപ് ആന്റണിയെ തിരുവല്ലക്കായി സമർപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. ബൂത്ത് തലത്തിലുള്ള പ്രവർത്തകരുമായി സംസാരിച്ചപ്പോൾ തന്നെ ഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ഒരുക്കം ബോധ്യപ്പെട്ടതായും മോദി കൂട്ടിച്ചേർത്തു.
കേരളത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമെന്നും വികസനമുരടിപ്പിൽനിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുമെന്നും മോദി പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിട്ടും സംസ്ഥാനത്തിന് ഗുണമുണ്ടായില്ല. കോട്ടയം മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് പുതിയ റോഡുകളോ പാലങ്ങളോ നിർമിക്കപ്പെടുന്നില്ല. കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തേക്കാൾ അഞ്ചിരട്ടി തുകയാണ് തന്റെ സർക്കാർ കേരളത്തിനായി നൽകിയത്. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയാൽ 'ഡബിൾ എഞ്ചിൻ' സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ജനങ്ങൾക്ക് ലഭിക്കും. വികസനത്തിന്റെ പുതിയ വെളിച്ചം കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ക്രൈസ്തവ വിശ്വാസികൾക്ക് മുൻതൂക്കമുള്ള ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി വലിയ വികസനമാണ് കൊണ്ടുവന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. കേരളത്തിൽ വഴിമുട്ടിനിന്ന ദേശീയപാത വികസനം യാഥാർത്ഥ്യമാക്കിയത് കേന്ദ്രമാണ്. എൻ.ഡി.എ സർക്കാർ വന്നാൽ ശബരി വിമാനത്താവള പദ്ധതി നടപ്പാക്കുമെന്നും ഇത് 'മോദിയുടെ ഗ്യാരന്റി'യാണെന്നും പ്രഖ്യാപിച്ചു. വേദിയിലെത്തിയ പ്രധാനമന്ത്രിയെ ബി.ജെ.പി കോട്ടയം ജില്ല കമ്മിറ്റി ക്രിസ്തുരൂപം നൽകിയാണ് സ്വീകരിച്ചത്.
കുമ്മനം രാജശേഖരൻ ഉൾപ്പെടെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 11 എൻ.ഡി.എ സ്ഥാനാർഥികളും വേദിയിലുണ്ടായിരുന്നു. സ്ഥാനാർഥികളുടെ കൈപിടിച്ചുയർത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗമാണ് തിരുവല്ലയിലെത്തിയത്. തിരുവല്ലയിലെ പരിപാടിക്കുശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. തലസ്ഥാന നഗരിയിൽ മോദിയുടെ റോഡ് ഷോ വൈകിട്ട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.