ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പൊലീസുകാരനെ ബംഗളൂരുവിൽനിന്ന് പിടികൂടി. ആലപ്പുഴ പൂങ്കാവ് സ്വദേശിയും നർകോട്ടിക് സെല്ലിലെ സി.പി.ഒയുമായ നെൽസണെയാണ് (40) പ്രത്യേക സംഘം പിടികൂടിയത്. സംഭവത്തിന് ശേഷം ഇയാൾ ബംഗളൂരുവിലേക്ക് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ എത്തി പിടികൂടുകയായിരുന്നു.
ആലപ്പുഴയിൽ എത്തിച്ച് നെൽസണെ വിശദമായി ചോദ്യംചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ പിതാവിനും പങ്കുണ്ടെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുത്തശേഷം വിട്ടു. നെൽസണും പിതാവും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ രഹസ്യമൊഴി പ്രകാരം നാലോളം പൊലീസ് ഉദ്യോഗസ്ഥർ വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. ഇതിെൻറ ഇടനിലക്കാരിയായി പ്രവർത്തിച്ച കുട്ടിയുടെ ബന്ധു ഇപ്പോൾ റിമാൻഡിലാണ്.
സംഭവം സംബന്ധിച്ച് നഗരസഭ കൗൺസിലർ ജോസ് ചെല്ലപ്പൻ തിങ്കളാഴ്ച മൊഴി നൽകും. കേസ് ഒതുക്കിത്തീർക്കാൻ ശക്തമായ ഇടപെടൽ നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.