ചില കോടതികളിൽ നിന്ന്​ അന്യായ വിധികളുണ്ടാകുന്നുവെന്ന് മാർ ആലഞ്ചേരി

കൊച്ചി: ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീഡാനുഭവ സന്ദേശത്തിലാണ് തനിക്കെതിരായ കോടതി നടപടികളെ അദ്ദേഹം പരോക്ഷമായി വിമർശിച്ചത്. സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് സെന്‍റ്​ തോമസ്​ മൗണ്ടിൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പീലാത്തോസിനെപ്പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നു. മാധ്യമപ്രീതിക്കോ ജനപ്രീതിക്കോ വേണ്ടിയാകാം അന്യായവിധികൾ. അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടിവിസമാകാം. പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാം. ജുഡീഷ്യൽ ആക്ടിവിസം അരുതെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ട്. ജീവിതക്ലേശങ്ങളാകുന്ന കുരിശുകൾ വഹിക്കുന്നവരോട് സഹാനുഭൂതിയോടെ ചേർന്നുനിൽക്കണമെന്നും കുരിശിന്‍റെ വഴികളിൽ പ്രത്യാശയോടെ മുന്നേറണമെന്നും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു.

ഭൂമി കുംഭകോണക്കേസിൽ തനിക്കെതിരായ വിധിയെ പരാമർശിച്ചാണ് കർദിനാളിന്‍റെ സന്ദേശമെന്നാണ് സൂചന. സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസിൽനിന്ന്​ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആലഞ്ചേരി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസ് നിലനിൽക്കുമെന്നും വിചാരണ നേരിടണമെന്നും വ്യക്തമാക്കി സുപ്രീംകോടതി ഈ ആവശ്യം തള്ളി. ഇത് സഭക്കും ആലഞ്ചേരിക്കും വലിയ തിരിച്ചടിയായി. ഇതിനോട്​ കർദിനാൾ ആദ്യമായാണ് പീഡാനുഭവ സന്ദേശത്തിലൂടെ പരോക്ഷമായി പ്രതികരിച്ചത്.

Tags:    
News Summary - George Alencherry Good Friday speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.