കൊച്ചി: തെരഞ്ഞെടുപ്പ് സമയത്ത് ജാതീയത മുതലെടുക്കുന്ന പ്രവണത ശരിയല്ലെന്നും ദേശീയ തെരഞ്ഞെടുപ്പിൽ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ വിശ്വാസികൾക്ക് മാർഗനിർദേശം നൽകുമെന്നും കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) പ്രസിഡൻറ് ഡോ. സൂസപാക്യം. കെ.സി.ബി.സി വർഷക്കാല സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് സഭക്ക് അയിത്തമില്ല. ഭരണഘടന ഉറപ്പുനൽകുന്ന മതേതര-ജനാധിപത്യ മൂല്യങ്ങൾ അപകടത്തിലാണെന്ന് രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ട്.
സമൂഹത്തിൽ കോർപറേറ്റ് താൽപര്യങ്ങളും അധികാര രാഷ്ട്രീയവും ചേർന്നുള്ള അനാരോഗ്യ പ്രവണതയുണ്ട്. അത് ന്യൂനപക്ഷങ്ങളുടെയും ദുർബല ജനവിഭാഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലാക്കുന്നു. പ്രവാസികളുടെ പുനരധിവാസത്തിനും ഇതരസംസ്ഥാനക്കാർ ഉൾപ്പെെടയുള്ള തൊഴിലാളികളുടെ പൗരാവകാശം ഉറപ്പുവരുത്താനും നിയമനിർമാണം നടത്തുക, തോട്ടം മേഖലയിലെ തൊഴിൽ അനിശ്ചിതത്വം നീക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
കെവിൻ വധക്കേസിൽ ആവശ്യമെങ്കിൽ സി.ബി.ഐ അന്വേഷണമടക്കം നടത്തണം. ജാതീയമായ ദുഷ്ഫലങ്ങൾ സഭയിൽനിന്ന് തുടച്ചുനീക്കിയെന്ന് അഭിപ്രായമില്ല. ആർച് ബിഷപ് ജോർജ് ആലഞ്ചേരിയുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂമിവിവാദത്തിൽ വിശ്വാസികൾക്കിടയിൽ നിരവധി സംശയങ്ങളും ഭിന്നാഭിപ്രായങ്ങളുമുണ്ട്. അത് രൂപതയിൽത്തന്നെ പരിഹരിക്കാവുന്നതാണെന്നും സൂസപാക്യം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.