കൊല്ല​പ്പെട്ട സന്തോഷ് കുമാർ

‘എന്നെ കൊല്ലാൻ ആളുകളെത്തി’യെന്ന്​ സന്തോഷ് സുഹൃത്തിനെ ഫോണിൽ വിളിച്ചു പറഞ്ഞു, പിന്നാലെ കൊലപാതകം; വധശ്രമമുണ്ടാകുമെന്ന്​ പൊലീസ് നേര​​ത്തേ മുന്നറിയിപ്പ് നൽകി

കരുനാഗപ്പള്ളി: ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയുടെ ഭാഗമായി കരുനാഗപ്പള്ളിയിൽ വീട്ടിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ്, അക്രമികൾ വീട്ടിൽ എത്തിയ വിവരം സുഹൃത്തിനെ ഫോൺവിളിച്ച് അറിയിച്ചിരുന്നതായി പൊലീസ്. കരുനാഗപ്പള്ളി അയണിവേലികുളങ്ങര കെട്ടിശ്ശേരിൽ കിഴക്കതിൽ സന്തോഷ് കുമാർ (45) ആണ് മാതാവിന്‍റെ മുന്നില്‍ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. സന്തോഷിന്റെ സുഹൃത്ത് കുലശേഖരപുരം കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ അനീർ (31)നെയും അക്രമിസംഘം വെട്ടിപ്പരിക്കേൽപിച്ചിരുന്നു. വവ്വാക്കാവ് ജങ്​ഷനിൽ വെച്ചാണ് ഇയാൾക്ക് വെട്ടേറ്റത്​. കഴിഞ്ഞദിവസം പുലർച്ച 2.30 നും 3.30 നും ഇടയിലാണ് കരുനാഗപ്പള്ളിയെ നടുക്കിയ രണ്ട്​ അക്രമങ്ങളും നടന്നത്.

അയണിവേലികുളങ്ങരയിലുള്ള സന്തോഷിന്റെ വീടിന്‍റെ വാതിലുകൾ തകർത്ത്​ അകത്തുകയറിയ അക്രമികൾ നാടൻ ബോംബെറിഞ്ഞ്​ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. വീട്ടിൽ അമ്മയായ ഓമനയും സന്തോഷും മാത്രമാണുണ്ടായിരുന്നത്. പുറത്തെ ബഹളംകേട്ട് വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തന്‍റെ ഫോണിലൂടെ നോക്കിയ സന്തോഷ്‌, അക്രമികളാണെന്ന്​ തിരിച്ചറിഞ്ഞതോടെ, തന്നെ കൊല്ലാൻ ആളുകളെത്തിയെന്ന്​ സുഹൃത്തായ ആംബുലൻസ് ഡ്രൈവർ രതീഷിനെ ഫോണിലൂടെ വിളിച്ചു പറഞ്ഞിരുന്നു. അക്രമികൾ ആദ്യം അമ്മ കിടന്ന മുറിയുടെ വാതിലാണ് ആയുധങ്ങൾ ഉപയോഗിച്ച് തകർത്തത്. സന്തോഷിനെ കാണാതായതോടെ, അടുത്ത മുറിയുടെ വാതിൽ തകർത്ത്​ അകത്തുകയറിയാണ് സന്തോഷിനെ വകവരുത്തിയത്.

2024 നവംബർ 12ന് കരുനാഗപ്പള്ളി കെ.എസ്.ഇ.ബി ഓഫിസിന് മുന്നിലേക്ക് ചങ്ങംകുളങ്ങര സ്വദേശിയായ പങ്കജിനെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപിച്ച കേസിൽ വധശ്രമത്തിന്​ അറസ്റ്റിലായ സന്തോഷ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സന്തോഷിനെ വകവരുത്താനുള്ള ശ്രമമുണ്ടാകുമെന്ന്​ പൊലീസ് ഇയാളെ മുൻകൂട്ടി അറിയിച്ചിരുന്നതായും പറയപ്പെടുന്നു. നാലാം തവണയാണ് സന്തോഷിന്​ നേരെ ആക്രമണമുണ്ടായതെന്ന്​ അയല്‍വാസികള്‍ പറഞ്ഞു. നേരത്തെ നഗരത്തിലെ പ്രമുഖ ഗുണ്ടാ ഗ്രൂപ്പുകൾ തമ്മിലുള്ള അക്രമത്തിൽ കുത്തേറ്റ്​ സന്തോഷ്​ ദീർഘനാൾ ചികിത്സയിൽ കഴിഞ്ഞു. അക്രമവും സ്ഥിരമായ കേസുകളും കാരണം സന്തോഷിന്റെ ഭാര്യയും മക്കളും തഴവയിലുള്ള ഭാര്യാ വീട്ടിലാണ് ഏറെനാളായി താമസിക്കുന്നത്​. രമ്യയാണ് ഭാര്യ. മക്കൾ: ഭഗത്, വൈഗ.

കതക് തകർക്കുന്ന ശബ്ദവും നിലവിളിയും കേട്ട് ആളുകൾ ഓടിക്കൂടാതിരിക്കാൻ അക്രമികൾ പലതവണ നാടൻ ബോംബെറിഞ്ഞ്​ ഭീകരത സൃഷ്ടിച്ചതായി അയൽവാസികൾ പറഞ്ഞു. സന്തോഷിന്റെ കാൽ വെട്ടി മാറ്റിയ ശേഷം മരണം ഉറപ്പുവരുത്താൻ വീണ്ടും ബോംബെറിഞ്ഞ ശേഷമാണ് അക്രമികൾ മടങ്ങിയത്. മുറിവേറ്റ സന്തോഷ് തന്നെയാണ് വിവരം ഫോണിലൂടെ സുഹൃത്തിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസും ആംബുലൻസുമെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സന്തോഷ് മരിച്ചത്.

സന്തോഷിനെ ആക്രമിച്ച്​ മടങ്ങവെയാണ് അനീർ വവ്വാക്കാവിലുണ്ടെന്ന വിവരം സംഘം അറിഞ്ഞത്. അതേ ഇന്നോവ കാറിൽ ജങ്​ഷനിലെത്തി, ഹോട്ടലിൽ നിന്ന്​ ആഹാരം വാങ്ങി ഇറങ്ങിയ അനീറിനെ വെട്ടി വീഴ്ത്തുകയായിരുന്നു. വടിവാള്‍ കൊണ്ടുള്ള വെട്ടില്‍ അനീറിന്‍റെ രണ്ട് കാലിനും തലക്കും മുഖത്തും കഴുത്തിലുമാണ് പരിക്ക്. ചെട്ടികുളങ്ങര ഉത്സവ കച്ചവടസ്ഥലത്ത് നിന്ന്​ വരികയായിരുന്നു അനീർ. ഇയാളെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ട്രോമാ കെയര്‍ യൂനിറ്റില്‍ പ്രവേശിപ്പിച്ചു.

ഓച്ചിറ, കായംകുളം ഭാഗത്തെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട സന്തോഷിന്റെ ആക്രമണത്തിനിരയായ പങ്കജ്, ഇയാളുടെ സംഘത്തലവൻ അലുവ അനീഷ് എന്നിവർ ഒളിവിൽ പോയതായാണ് വിവരം. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സിറ്റി പൊലീസ് മേധാവി കിരണ്‍ നാരായണ്‍, അസി. പൊലീസ് കമീഷണർ അഞ്ജലി ഭാവന, കരുനാഗപ്പള്ളി എസ്.എച്ച്.ഒ ബിജു, ഓച്ചിറ എസ്.എച്ച്.ഒ സുജാതൻപിള്ള, എസ്.ഐ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. 

Tags:    
News Summary - gang hacks goon to death in bedroom in front of mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.