ഗെയില്‍വിരുദ്ധ സമരം മൂന്നു ദിവസം പിന്നിട്ടു

എകരൂല്‍: ഗെയില്‍ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ ഉണ്ണികുളം പഞ്ചായത്തിലെ കാപ്പിയില്‍ പ്രദേശത്ത് ഭൂമി സര്‍വേ നടപടികള്‍ മൂന്നാം ദിവസം പിന്നിട്ടപ്പോള്‍, പ്രതിരോധം തീര്‍ത്ത് സര്‍വ കക്ഷി സമരസമിതിയും പ്രക്ഷോഭം ശക്തമാക്കി. കഴിഞ്ഞ ദിവസത്തെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തോടെയാണ് വ്യാഴാഴ്ച ഗെയില്‍ ഉദ്യോഗസ്ഥര്‍ സര്‍വേക്കത്തെിയത്. സര്‍വേക്കെതിരെ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി. ബിനോയ്യുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ നടത്തിയ മാര്‍ച്ച്  ബാലുശ്ശേരി സി.ഐ കെ. സുശീറിന്‍െറയും കാക്കൂര്‍, തിരുവമ്പാടി, മുക്കം, കൊടുവള്ളി, ബാലുശ്ശേരി പൊലീസ് സ്റ്റേഷനുകളിലെ എസ്.ഐമാരുടെയും നേതൃത്വത്തിലത്തെിയ വന്‍ പൊലീസ് സംഘം തടഞ്ഞു. സര്‍വേ നടക്കുന്ന ഭൂമിയുടെ അര കിലോമീറ്റര്‍ അകലെയാണ് മാര്‍ച്ച് തടഞ്ഞത്. തുടര്‍ന്ന് നേതാക്കള്‍, ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുന്നത് വരെ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തള്ളി.

സര്‍വേ നിര്‍ത്തിവെക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ളെന്നും ഉദ്യോഗസ്ഥര്‍ക്ക് സുഗമമായി സര്‍വേ നടത്താനുള്ള സൗകര്യമൊരുക്കാനാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശമെന്നും പൊലീസ് സമരനേതാക്കളെ അറിയിച്ചു.തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍വേ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ തുനിഞ്ഞ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് തടഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി. ബിനോയ്, സി.പി.എം നേതാക്കളായ എ.കെ. ഗോപാലന്‍, ആര്‍.പി. ഭാസകരക്കുറുപ്പ്, മുസ്ലിം ലീഗ് നേതാക്കളായ കെ. ഉസ്മാന്‍ മാസ്റ്റര്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, വിക്ടിംസ് ഫോറം ജില്ലാ വൈസ് പ്രസിഡന്‍റ് രാഘവന്‍ നായര്‍ കോട്ടൂര്‍, കണ്‍വീനര്‍ കെ.സി. അന്‍വര്‍ തുടങ്ങി ഇരുപതോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി.

സര്‍വേ നടക്കുന്ന അമ്പലപ്പറമ്പിന് ചുറ്റും പൊലീസ് വലയം തീര്‍ത്താണ് സര്‍വേ നടപടികള്‍ പുനരാരംഭിച്ചത്. അഞ്ചും പത്തും സെന്‍റ് ഭൂമിയുള്ള പാവങ്ങളെയാണ് കുത്തകകള്‍ക്ക് വേണ്ടി ഭരണകൂടം ഉപദ്രവിക്കുന്നതെന്നും കൊടും കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് സ്ഥലമുടമകളോട് പെരുമാറുന്നതെന്നും നേതാക്കള്‍ പറഞ്ഞു. തങ്ങളുടെ ഭൂമിയില്‍ അതിക്രമിച്ചുകയറിയാണ് ഉദ്യോഗസ്ഥര്‍ കുറ്റിയടിക്കുന്നതെന്നും പാവങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം പൊലീസും ഭരണകൂടവും കുത്തകകള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നും സ്ത്രീകളടക്കമുള്ള സ്ഥലമുടമകള്‍ പരാതിപ്പെട്ടു. ഇരുപത് മീറ്റര്‍ വീതിയിലാണ് ഭൂമി അളന്ന് കുറ്റിയടിക്കുന്നത്. ജനവാസ മേഖലകള്‍ ഒഴിവാക്കുമെന്ന പ്രഖ്യാപനം അവഗണിച്ച് വീടുകള്‍ക്ക് സമീപത്തുകൂടെയാണ് ഉണ്ണികുളത്ത് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. 

അറസ്റ്റിലായ നേതാക്കളെയും സ്ഥലമുടമകളെയും ഉച്ചയോടെ വിട്ടയച്ചു. വൈകീട്ട് എകരൂല്‍ അങ്ങാടിയില്‍ നടന്ന സര്‍വകക്ഷി വിശദീകരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി. ബിനോയ്, എ.കെ. ഗോപാലന്‍, അഡ്വ. പ്രദീപ് കുമാര്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, ടി.സി. രമേശന്‍ മാസ്റ്റര്‍, ടി. മുഹമ്മദ് വള്ളിയോത്ത്, കെ.കെ. ബാലകൃഷ്ണന്‍ നായര്‍ സംസാരിച്ചു. സമരം ശക്തമായി തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.

 

Tags:    
News Summary - gail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.