ജി. സുധാകരൻ

'ആ നമ്പറിൽ നിന്ന് കോൾ ഒന്നും വന്നിട്ടില്ല'; മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി തന്നെ ഫോണിൽ വിളിച്ചിട്ടില്ല എന്ന് മുൻ സി.പി.എം നേതാവ് ജി. സുധാകരൻ. സി.എം എന്ന പേരിലാണ് പിണറായി വിജയന്റെ നമ്പർ സേവ് ചെയ്തിരിക്കുന്നത്. എന്നാൽ ആ നമ്പറിൽ നിന്ന് തനിക്ക് കോൾ ഒന്നും വന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജി. സുധാകരനെ താൻ വിളിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞത്.

'സി. എം എന്ന പേരിലാണ് പിണറായിയുടെ നമ്പർ സേവ് ചെയ്തിരിക്കുന്നത്. എന്നാൽ ആ നമ്പറിൽ നിന്ന് തനിക്ക് കോൾ ഒന്നും വന്നിട്ടില്ല. ഈ വിളിച്ചു എന്ന് പറയുന്നതിന് രണ്ടാഴ്ച മുമ്പാണ് ആലപ്പുഴയിൽ വരുമ്പോൾ കാണണമെന്ന് ഞാൻ പറഞ്ഞത്. ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നെ അദ്ദേഹം ആലോചിച്ചില്ല. അദ്ദേഹത്തിന്‍റെ കോൾ എടുക്കാതിരിക്കേണ്ട കാര്യം അന്ന് എനിക്കില്ല -ജി. സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്

ജി സുധാകരനെ അവഗണിച്ചിട്ടില്ല. അദ്ദേഹം പാർട്ടിക്കകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവായിരുന്നു. എല്ലാ ഘട്ടങ്ങളിലും അദ്ദേഹത്തിന് നല്ല പരിഗണന നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിലും അവഗണിക്കുന്ന നിലപാട് ഉണ്ടായിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോധ്യമുള്ള കാര്യമാണ്. പിന്നെ പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനം ആർക്കും മാറ്റാൻ കഴിയുന്നതല്ല. നിരവധി കഴിവുള്ള സഖാക്കൾ 75 വയസെന്ന പ്രായ പരിധിമൂലം മാറിനിൽക്കുന്നുണ്ട്. അതിൽ ഒരാൾ മാത്രമാണ് ജി. സുധാകരൻ.

അത് അവഗണനയല്ല. ഈ മാറ്റത്തിന്‍റെ സാഹചര്യം ഉൾക്കൊള്ളാൻ കഴിയുക എന്നതാണ് പ്രാധാനം. അത് ഉൾക്കൊള്ളാൻ കഴിയാത്ത ആളാണ് സുധാകരനെന്ന് പറയാൻ കഴിയില്ല, പക്ഷെ അദ്ദേഹത്തിന് അതുമായി പൊരുത്തപ്പെടാൻ പറ്റിയില്ല. ഞാൻ അദ്ദേഹത്തെ മൂന്ന് തവണ വിളിച്ചിരുന്നു. പക്ഷെ എടുത്തില്ല. തിരിച്ചു വിളിച്ചതുമില്ല. എന്നാൽ ഞാൻ വിളിച്ചില്ലെന്നാണ് ആർ. നാസറിനോട് സുധാകരൻ പറഞ്ഞത്.

അതേസമയം, അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ ജി. സുധാകരൻ ഇന്ന് പത്രിക നൽകും. ഉച്ചക്ക് 12.30ന് 1. 30 നും ഇടയിലാണ് പത്രിക സമർപ്പണം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച ജി. സുധാകരൻ യു.ഡി.എഫ് പിന്തുണ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - G Sudhakaran says the Chief Minister did not call him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.