'വിജയരാഘവൻ 10 മീറ്റിങ്ങിൽ പ്രസംഗിച്ചാൽ എനിക്ക് 5000 വോട്ട് കൂടുതൽ കിട്ടും; ആലപ്പുഴയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല' - ജി. സുധാകരൻ

ആലപ്പുഴ: സി.പി.എം പി.ബി അംഗം എ. വിജയരാഘവന്‍റെ പരാമർശത്തിന് മറുപടിയുമായി മുൻ സി.പി.എം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. വിജയരാഘവൻ 10 മീറ്റിങ്ങിൽ പ്രസംഗിച്ചാൽ തനിക്ക് 5000 വോട്ട് കൂടുതൽ കിട്ടും എന്ന് ജി. സുധാകരൻ പറഞ്ഞു.

'ആലപ്പുഴയെക്കുറിച്ച് വിജയരാഘവന് അറിയില്ല. കമ്മിറ്റി കൂടാൻ ചാർജ് ആയി വന്നിട്ടേയുള്ളൂ. നാടിനെക്കുറിച്ച് അറിയില്ല. അതുകൊണ്ട് വിജയരാഘവൻ എന്തെങ്കിലും പറഞ്ഞിട്ട് പോക്കോട്ടെ. ആ പാവത്തിനെ വിട്ടേക്ക്' -സുധാകരൻ പറഞ്ഞു. ഒരുസ്ഥലത്തും പ്രസംഗിക്കാൻ പോകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ ചേർത്തലയിൽ പോയി പി. പ്രസാദിനെതിരെ സംസാരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. ജി. സുധാകരനെ പി. പ്രസാദ് കമ്യൂണിസം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരിക്കുംവരെ എം.എൽ.എ ആകണമെന്ന ആഗ്രഹം നടക്കാത്തതുകൊണ്ടാണ് ജി. സുധാകരൻ പാർട്ടിവിട്ടതെന്നായിരുന്നു എ. വിജയരാഘവൻ ആരോപിച്ചത്. 'മരിക്കും വരെ എം.എൽ.എ ആകണമെന്ന ആഗ്രഹം നടക്കാത്തത് കൊണ്ട് പാർട്ടി വിട്ട ഏക ആളാണ് ജി. സുധാകരൻ. അതിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല. സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അർഹിക്കുന്നില്ല. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തത്' -എന്ന് വിജയരാഘവൻ പറഞ്ഞു.

ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടു, ജനങ്ങൾക്ക് മനസ്സിലാകില്ല എന്നാണ് കരുതുന്നത് എങ്കിൽ വോട്ടെണ്ണുമ്പോൾ അത് മനസ്സിലാകും. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. ജി സുധാകരൻ തെറ്റായ വഴിക്കുപോകുന്നു എന്ന് തോന്നിയപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചുവെന്നും എ. വിജയരാഘവൻ പറഞ്ഞു. സുധാകരൻ വി.ഡി. സതീശന്‍റെയും കെ.സി വേണുഗോപാലിന്‍റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. 

Tags:    
News Summary - g sudhakaran about a vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.