തിരുവനന്തപുരം: ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നതും നഷ്ടപരിഹാരം നിശ്ചയിക്കുന്നതും 2013ലെ ‘ഭൂമി ഏറ്റെടുക്കലും പുനരധിവാസവും’ നിയമപ്രകാരം തന്നെയാണെന്ന് മന്ത്രി ജി. സുധാകരൻ. രാജ്യത്താകമാനം ദേശീയപാത വികസനവും ഭൂമി ഏറ്റെടുക്കലും ഉൾെപ്പടെയുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്നത് 1956ലെ എൻ.എച്ച് ആക്ട് പ്രകാരമാണ്. ഇത്തരം യാഥാർഥ്യങ്ങൾ മറച്ചുവെച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിന് ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ദേശീയപാത അതോറിറ്റിയുടെ അറിയിപ്പനുസരിച്ച് 2015 ജനുവരി ഒന്നിനു ശേഷമുള്ള മുഴുവൻ ഭൂമിയെടുപ്പിനും ഈ ചട്ടപ്രകാരമാണ് തുക നൽകുന്നത്. നിയമത്തിലെ ആദ്യഭാഗമായ ദേശീയപാത സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന 1956ലെ എൻ.എച്ച് ആക്ട് ചൂണ്ടിക്കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബോധപൂർവം പ്രതിഷേധം സൃഷ്ടിക്കുകയാണ് ചില കേന്ദ്രങ്ങൾ. 2013ലെ നിയമപ്രകാരം, കമ്പോളവിലയെ അർബൻ മേഖലയിൽനിന്നുള്ള ദൂരത്തിെൻറ അടിസ്ഥാനത്തിൽ ഒന്നു മുതൽ രണ്ടുവരെയുള്ള സംഖ്യകൊണ്ട് ഗുണിച്ചുകിട്ടുന്ന തുകയിലാണ് നഷ്ടപരിഹാരത്തുക കണക്കാക്കുന്നത്. കെട്ടിടങ്ങളോ മറ്റു നിർമാണങ്ങളോ ഉണ്ടെങ്കിൽ നിർമാണത്തിനാവശ്യമായ തുകയും കണക്കാക്കി നൽകും.
3എ വിജ്ഞാപനം ഇറങ്ങിയ തീയതി മുതലോ ഭൂമിയുടെ അവകാശം കൈമാറിക്കിട്ടുന്നതുവരെയോ ഏതാണോ ആദ്യം വരുന്നത് അതുവരെ 12 ശതമാനം അധികതുകയും നൽകും. കോഴിക്കോട് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭൂമിയെടുപ്പിൽ ഒരു സെൻറിന് 3,10,000- വിലയുള്ള ഭൂമിക്ക് മാത്രം ഇപ്രകാരം 7,44,000 രൂപ നിശ്ചയിച്ചു. ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലെയും ജനപ്രതിനിധികളെ ഉൾപ്പെടുത്തി കലക്ടർമാർ യോഗം നടത്തുന്നുണ്ട്. ആശങ്കകൾ ഒഴിവാക്കാൻ വിശദീകരണ യോഗം നടത്തും. പരമാവധി നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.