ക്ഷേത്രത്തിലേക്ക് സേനാംഗങ്ങളിൽനിന്ന് പണപ്പിരിവ്: പൊലീസിൽ വിഭാഗീയത രൂക്ഷം

കോഴിക്കോട്: കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്ര നടത്തിപ്പിനായി പൊലീസുകാരിൽനിന്ന് മാസംതോറും പണംപിരിക്കുന്നത് സേനാംഗങ്ങളിൽ വിഭാഗീയത രൂക്ഷമാക്കുന്നു. മതചിഹ്നങ്ങളുപയോഗിക്കുന്നതിനുപോലും വിലക്കുള്ള പൊലീസുകാരിൽനിന്ന് നിർബന്ധമായാണ് ക്ഷേത്ര നടത്തിപ്പിനായി എല്ലാ മാസവും 20 രൂപ തോതിൽ പിരിക്കുന്നത്. മൂവ്വായിരത്തിലേറെ പൊലീസുകാരിൽനിന്ന് വർഷങ്ങളായി തുടരുന്ന പണപ്പിരിവ് അവസാനിപ്പിക്കണമെന്ന് നിരവധി തവണ പലരും ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ അംഗീകരിച്ചിട്ടില്ല. പൊലീസ് അസോസിയേഷൻ പരസ്യ വിമർശനമുയർത്തിയിട്ടും നടപടിയുണ്ടായില്ല. വർഷങ്ങളായി ഈ ക്ഷേത്രത്തി‍െൻറ നടത്തിപ്പും നവീകരണവുമെല്ലാം സിറ്റി പൊലീസാണ് നിർവഹിക്കുന്നത്.

അടുത്തിടെ ക്ഷേത്രപിരിവ് നടത്താൻ സ്റ്റേഷൻ ചുമതല വഹിക്കുന്ന ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള യൂനിറ്റ് മേധാവിമാർക്ക് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് നിർദേശം നൽകിയിരുന്നു. ഇതോടെയാണ് ഏറെക്കാലമായി 'രഹസ്യമായുള്ള പണപ്പിരിവ്' സമൂഹമാധ്യമങ്ങളിലും സേനാംഗങ്ങൾക്കിടയിലെ വാട്സ്ആപ് ഗ്രൂപ്പുകളിലും ചർച്ചക്കും വലിയ വിമർശനങ്ങൾക്കും വഴിവെച്ചത്. ജീവനക്കാരുടെ സാലറി അക്കൗണ്ടിൽനിന്ന് ക്ഷേമ ഫണ്ടുകൾ പിരിച്ചെടുക്കുന്നത് സ്വകാര്യ ബാങ്കിനെ ഏൽപിച്ചത് വിവാദമാവുകയും പദ്ധതി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ജനുവരി, ഫെബ്രുവരി മാസത്തെ അമ്പലപ്പിരിവ് സാലറിയിൽനിന്ന് പിടിച്ചിരുന്നില്ല. അതിനാലാണ് കുടിശ്ശിക തുക പൊലീസ് സ്റ്റേഷനിലെ യൂനിറ്റ് മേധാവിമാർ നേരിട്ട് പിരിക്കണമെന്ന് നിർദേശിച്ചത്.

മുഴുവൻ സേനാംഗങ്ങളിൽനിന്നും മാസത്തിൽ 20 രൂപ തോതിൽ ഈടാക്കുമ്പോൾ ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് ക്ഷേത്രത്തിലേക്കെത്തുന്നത്. ഭക്തജനങ്ങൾ ഭണ്ഡാരം ചാർത്തുന്നതും വിവിധ പൂജകൾക്കും വഴിപാടുകൾക്കുമായി നൽകുന്നതുമടക്കം തുക ലഭിക്കുന്നതിനുപുറമെയാണ് ഇതര മതക്കാരായ പൊലീസുകാരിൽനിന്നടക്കം നിർബന്ധപൂർവം പണംപിരിക്കുന്നത്. 

ക്ഷേത്ര നടത്തിപ്പ്: പ്രതിക്കൂട്ടിൽ ആഭ്യന്തരവകുപ്പ്

കോഴിക്കോട്: പൊലീസി‍െൻറ ക്ഷേത്ര നടത്തിപ്പ് ചർച്ചക്കും വിമർശനത്തിനും വഴിവെച്ചതോടെ പ്രതിക്കൂട്ടിലുള്ളത് ആഭ്യന്തര വകുപ്പ്. ഉത്തരേന്ത്യക്കാരനായ മുൻ ഐ.ജിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ സ്വർണപ്രശ്നം നടത്തി ലക്ഷങ്ങൾ ചെലവഴിച്ച് 2017ൽ ക്ഷേത്രനവീകരണവും പുതിയ ക്ഷേത്രം നിർമിക്കലും ആരംഭിച്ചപ്പോൾ തന്നെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസ് നിയന്ത്രണത്തിലുള്ള ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് കൈമാറണമെന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പ് ഗൗരവത്തിലെടുക്കാത്തതാണ് സേനക്ക് നാണക്കേടുണ്ടാക്കുന്ന വിവാദങ്ങൾക്കിടയാക്കുന്നത്.

ക്ഷേത്രത്തിൽ ആർഭാടപൂർവം പ്രതിഷ്ഠയും ലക്ഷംദീപ സമർപ്പണവും പൊലീസി‍െൻറ നേതൃത്വത്തിൽ നടത്തിയതും ഇതിനുള്ള പണപ്പിരിവിന് രസീത് ബുക്കടിച്ച് രണ്ടു പൊലീസുകാർ എല്ലാ സ്റ്റേഷനിലും എത്തിച്ചതടക്കമുള്ള കാര്യങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. ക്ഷേത്രഭൂമിയും അതിലെ സ്ഥാപന ജംഗമ വസ്തുവഹകളും അളന്നും എണ്ണിയും തിട്ടപ്പെടുത്തി മലബാർ ദേവസ്വം ബോർഡിന് കൈമാറുന്നത് നന്നാവുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിലെ വിവിധ പ്രവൃത്തികൾക്ക് എ.ആർ ക്യാമ്പിലെ 12 പൊലീസുകാരെവരെ നിയോഗിച്ചു, രണ്ടു പൊലീസുകാർക്ക് ക്ഷേത്ര നടത്തിപ്പ് ഡ്യൂട്ടിയായി നൽകി, മൂന്ന് പൊലീസുകാർ ക്ഷേത്രത്തിന് രാവും പകലും മാറിമാറി കാവലിരിക്കുന്നു എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ ക്ഷേത്ര നടത്തിപ്പും ചടങ്ങുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് നൽകാൻ പൊലീസ് ആസ്ഥാനത്തുനിന്നും ആവശ്യപ്പെട്ടു എന്നല്ലാതെ ക്ഷേത്രം പൊലീസിൽനിന്ന് വേർപെടുത്തുന്നതിനുള്ള നടപടികളുണ്ടായില്ല.

Tags:    
News Summary - Fundraising from the police to the temple: Sectarianism is rampant in the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.