കൊച്ചി: കേരളത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ പൂര്‍ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുതാര്യമല്ലാതെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതിപക്ഷം ചോദ്യം ചെയ്യും. നല്ല കാര്യങ്ങള്‍ക്ക് പിന്തുണയും നല്‍കും. കേരളത്തില്‍ അവസാനം നടന്ന ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് അന്നത്തെ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എന്നാല്‍ ഇപ്പോഴത്തെ പ്രതിപക്ഷം പിന്തുണ നല്‍കുകയാണ് ചെയ്തത്. സി.പി.എം പ്രതിപക്ഷത്ത് വരുമ്പോഴും ഈ സംസ്‌കാരം തുടരണം.
കെ റെയില്‍ കേരളത്തില്‍ ദുരന്തമാകും എന്നതു കൊണ്ടാണ് എതിര്‍ത്തത്. ആ പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ലഭിക്കുകയുമില്ല. അത് കേരളത്തെ സാമ്പത്തികമായും തകര്‍ക്കും. കേരളം വിട്ടുപോകുന്ന കുട്ടികളെ ഇവിടെ പിടിച്ചു നിര്‍ത്തുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണം. അതിന് മുന്‍കൈ എടുത്താല്‍ പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കും. അനാവശ്യമായി എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ രീതിയല്ല. നാലു വര്‍ഷമായി നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഒരു ഹര്‍ത്താല്‍ പോലും നടത്തിയിട്ടില്ല. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ കേരളത്തിന് പുറത്തേക്ക് നല്‍കുന്ന തെറ്റായ സന്ദേശമുണ്ട്.
അതുകൊണ്ടാണ് ഹര്‍ത്താല്‍ ഒഴിവാക്കിയത്. കേരളത്തെ കുറിച്ച് മോശം അഭിപ്രായമാണ് നേരത്തെ ഉണ്ടായിരുന്നത്. എല്ലാ ദിവസവും സമരവും ഹര്‍ത്താലുമായിരുന്നു. അതില്‍ മാറ്റമുണ്ടാക്കിയത് ഞങ്ങളാണ്. സര്‍ക്കാര്‍ തെറ്റ് ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ജോലി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണം. പരമ്പരാഗതമായി പ്രതിപക്ഷം സ്വീകരിച്ചിരുന്ന നിലപാടിലേക്ക് തങ്ങള്‍ പോകില്ല. എല്ലാവരും ഒന്നിച്ചു നിന്ന് കേരളത്തെ നിക്ഷേപ സൗഹൃദമാക്കും എന്ന ഉറപ്പാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. കേരളത്തിനു വേണ്ടിയാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.